തിരുവനന്തപുരം: തിരിമറി നടത്തിയ തുക ഉദ്യോഗസ്ഥന്‍റെ ശമ്പളത്തില്‍ നിന്ന് തിരികെ പിടിക്കാൻ ലോകായുക്ത ഉത്തരവ്. പട്ടിക വര്‍ഗക്കാരുടെ ഭക്ഷ്യ പദ്ധതിയില്‍ നിന്നും തുക തട്ടിയെടുത്ത ട്രൈബല്‍ ഓഫിസര്‍ മാത്യു ജോര്‍ജിനെതിരെയാണ് നടപടി. നന്ദിയോടെ 115 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യത്തിനായി വിനിയോഗിക്കേണ്ട 1,15,240 രൂപയാണ് ഇയാള്‍ കൈകലാക്കിയത്.
2007ലാണ് പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചത്. അരി, ചെറുപയര്‍, വെളിച്ചെണ്ണ തുടങ്ങിയ അവശ്യ വസ്തുക്കളാണ് പദ്ധതിയിലൂടെ കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ഈ സാധനങ്ങള്‍ പാലോട് സര്‍വീസ് ബാങ്കില്‍ നിന്നും വാങ്ങി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മാത്യൂ ജോര്‍ജിന് പട്ടികവര്‍ഗ വികസന വകുപ്പ് 1,15,240 രൂപ മുന്‍കൂറായി നല്‍കിയിരുന്നു.
എന്നാല്‍ ബാങ്കിനോട് ഭക്ഷണ സാധനങ്ങള്‍ വായ്പ വ്യവസ്ഥയില്‍ നല്‍കാൻ ആവശ്യപ്പെട്ടു. 77,740 രൂപയ്ക്ക് ബാങ്ക് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു. കാലമേറെ കഴിഞ്ഞിട്ടും മാത്യു ജോര്‍ജ് തുക തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ ലോകായുക്തയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
also read: പി.പി.ഇ കിറ്റ് ക്രമക്കേട് : ഹർജി പരിഗണിക്കുന്നത് മാറ്റി ലോകായുക്ത