തിരുവനന്തപുരം: നാലാം ശനിയാഴ്‌ച അവധി അവശ്യപ്പെട്ടുള്ള ശുപാര്‍ശ മുഖ്യമന്ത്രി തള്ളി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്‌ച അവധി നൽകണമെന്ന് സൂചിപ്പിച്ച ഭരണ പരിഷ്‌കാര കമ്മിഷന്‍റെ ശുപാര്‍ശയാണ് തള്ളിയത്. നിര്‍ദേശത്തെ മുന്‍പ് സെക്രട്ടേറിയറ്റ് സര്‍വീസ് അസോസിയേഷനും എന്‍ജിഒ യുണിയനും അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ശുപാര്‍ശ മുഖ്യമന്ത്രി തള്ളിയത്.
പ്രവൃത്തി ദിവസങ്ങളില്‍ 15 മിനിറ്റ് വീതം ജോലി സമയം വര്‍ധിപ്പിച്ചതിന് ശേഷം നാലാം ശനിയാഴ്‌ച അവധിയെന്നായിരുന്നു ചീഫ് സെക്രട്ടറി മുൻപോട്ടുവച്ച നിര്‍ദേശം. പ്രതിവര്‍ഷമുള്ള 20 കാഷ്വല്‍ ലീവുകള്‍ 15 ആയി കുറയ്ക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കാഷ്വല്‍ ലീവ് വിഷയത്തില്‍ സര്‍വീസ് സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.
പിന്നീട് ഇത് പ്രതിവര്‍ഷം രണ്ട് കാഷ്വല്‍ ലീവായി കുറയ്ക്കാനും ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകള്‍ക്ക് മുന്‍പില്‍ നിര്‍ദേശം അവതരിപ്പിച്ചിരുന്നു. ഇതും സര്‍വീസ് സംഘടനകള്‍ അംഗീകരിച്ചില്ല. ഇതോടെയാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെ മുഖ്യമന്ത്രി തള്ളിയത്.