തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ വീടിന് മുകളിൽ മരം കടപുഴകി വീണ് നാല് കുട്ടികൾക്ക് പരിക്കേറ്റു. മണ്ണടിക്കോണം സ്വദേശി യേശുദാസിന്‍റെ (മണിയൻ) വീട്ടിലാണ് അപകടമുണ്ടായത്. മണിയന്‍റെ മകൾ രജനിയുടെ മക്കളായ ബെന്നി, ബെഞ്ചമിൻ, ലുദിയ എന്നിവർക്കും മണിയന്‍റെ മകൻ ബിനുവിന്റെ മൂന്നര വയസുള്ള മകൾ മഹിമ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികൾ നിന്ന മുറിയുടെ സമീപമുള്ള പ്ലാവാണ് കടപുഴകി വീണത്. സംഭവസമയം മണിയൻ, ഭാര്യ സുശീല, മക്കളായ രജനി, ബിനു, ഭാര്യ ഹണി എന്നിവർ വീടിന് പുറത്തായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടാണ് ഇവർ വീട്ടിലേക്ക് ഓടിയെത്തിയത്. മണ്ണിൽ നിർമ്മിച്ച വീടിന്‍റെ ഷീറ്റ് പൂർണമായും തകർന്നു. ചുവരുകളും വിണ്ടുകീറിയിട്ടുണ്ട്. വില്ലേജ് അധികൃതർ, പൊലീസ്, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിച്ചു. അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.