എറണാകുളം: മുല്ലപ്പെരിയാർ, ബേബി ഡാമിനു സമീപം മരംമുറിയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തമിഴ്നാട് മരം മുറിച്ചു തുടങ്ങിയെന്ന വാർത്ത ശരിയായിരിക്കും. സ്ഥലത്ത് മരം മുറിച്ചു തുടങ്ങിയതായി മനസിലാക്കുന്നുവെന്നും ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങണമെന്നും മന്ത്രി പറഞ്ഞു.
ബേബി ഡാമിനു സമീപം മരംമുറിയ്ക്ക് അനുമതി നൽകിയതിൽ വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു. ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടിയിട്ടുണ്ട്. ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ:ജാഗ്രതയോടെ നേതൃത്വം; ശാസന നല്‍കിയെങ്കിലും സുധാകരനെ കൈവിടാതെ സി.പി.എം
തൻ്റെ ഓഫിസോ മുഖ്യമന്ത്രിയുടെ ഓഫിസോ, ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫിസോ അറിയാതെയായിരുന്നു വൈൽഡ് ലൈഫ് വാർഡൻ്റെ തീരുമാനം. അത് വീഴ്ചയായി കണക്കാക്കുന്നു. പക്ഷേ വാർത്തയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാവില്ല. വിശദമായ റിപ്പോർട്ട് കിട്ടിയാൽ ആവശ്യമെങ്കിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും. മുല്ലപ്പെരിയാർ വിഷയം ഏറെ ചർച്ച ചെയ്യപ്പെടുന്ന സമയത്ത് വൈൽഡ് ലൈഫ് വാർഡൻ ഇത്തരം നടപടിയെടുത്തത് ശരിയാണോ എന്നാണ് പരിശോധിച്ച് വരുന്നത്. അനുമതി നൽകിയത് എന്തുകൊണ്ടെന്ന റിപ്പോർട്ട് ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.