തിരുവനന്തപുരം : അരിക്കൊമ്പന്‍ വിഷയത്തിൽ കോടതിയിൽ നിന്നുവന്നത് നിരാശാജനകമായ വിധിയെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ജനങ്ങളുടെ ബുദ്ധിമുട്ട് മാറ്റാൻ സർക്കാരിന് ഇനി പ്രയാസമാണ്. എന്നാൽ ജനങ്ങളെ കൈവിടില്ലെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പന്‍റെ ആക്രമണം രൂക്ഷമാകുന്ന ചിന്നക്കനാൽ ഭാഗത്ത് കൂടുതൽ സംഘത്തെ അയച്ച് ജനങ്ങൾക്ക് സംരക്ഷണം നൽകും.
ഇത്തരം വിധികൾ കോടതിയുടെ മേലുള്ള വിശ്വാസം നഷ്‌ടപ്പെടാൻ കാരണമാകാന്‍ ഇടയുണ്ട്. എന്നാൽ ആ വിധത്തിലേക്ക് വിധിയെത്താതിരികാനും നിയമവാഴ്‌ച സംരക്ഷിക്കാനും സർക്കാർ വേണ്ട നടപടികൾ എടുക്കും. സർക്കാർ ജനങ്ങളോടൊപ്പം നിന്നതിനാണ് കോടതിയിൽ ഹർജിവന്നത്.
സർക്കാരിനെതിരെ പ്രതിഷേധം ഉണ്ടാക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി വന്നതിന് പിന്നാലെ ജനകീയ സമിതികൾ പ്രഖ്യാപിച്ച ഹർത്താലിനെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ജനങ്ങൾക്ക് പ്രതിഷേധം നടത്താൻ അവകാശമുണ്ട്. എന്നാൽ സര്‍ക്കാരിനെതിരായി പ്രതിഷേധങ്ങൾ മാറരുത്. ആന സംരക്ഷണ സമിതി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സുരക്ഷ തുടരും, ഒന്നും പിന്‍വലിക്കില്ല : കോടതി നിശ്ചയിച്ച അഞ്ചംഗ സമിതിക്ക് റിപ്പോർട്ട് നൽകാൻ സുഗമമായ സൗകര്യങ്ങൾ ഒരുക്കും. അതുവരെ കോടതി വിധി ധിക്കരിക്കുന്നതിലേക്ക് സർക്കാർ നടപടികൾ പോവില്ല. എന്നാൽ സമിതിയിൽ വനംവകുപ്പ് നൽകിയ പേരുകൾ പരിഗണിച്ചിട്ടില്ല.
ജനങ്ങളുടെ ഭാഗം പറയാൻ ആരും സമിതിയിലില്ല. ദൗർഭാഗ്യമായി കോടതി ജനങ്ങളുടെ ഭാഗം ശ്രദ്ധിച്ചില്ല. അരിക്കൊമ്പനെ പ്രതിരോധിക്കാൻ എത്തിച്ച കുങ്കിയാനകളെ തിരിച്ചയക്കില്ല. നിലവിൽ സ്വീകരിച്ച പ്രതിരോധ സൗകര്യങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാരമാണ് സർക്കാർ ആലോചിക്കുന്നത്. സര്‍ക്കാര്‍ വീഴ്‌ച വരുത്തിയാൽ തിരുത്താൻ തയ്യാറാണ്. തുറന്ന മനസ്സോടെയാണ് പ്രശ്‌നത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അരിക്കൊമ്പനെ പിടിക്കുന്ന വിഷയത്തിൽ കോടതിവിധി വന്നാൽ ഉടൻ തീരുമാനമെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കോടതിയുടെ ചോദ്യങ്ങൾക്ക് വക്കീൽ മറുപടി പറയുന്നുണ്ട്. കോടതിക്ക് പ്രായോഗിക നിർദേശം ഉണ്ടെങ്കിൽ സർക്കാർ നടപ്പിലാക്കും. അരിക്കൊമ്പനെ പിടികൂടുന്ന വിഷയത്തിൽ കോടതി നടപടികൾ സ്‌റ്റേ ചെയ്‌ത വിഷയത്തില്‍ പ്രതികരിക്കവെയായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
പ്രതിഷേധം അലയടിക്കുന്നു : അതേസമയം അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം 29 വരെ നിര്‍ത്തിവയ്ക്കണമെന്ന കോടതി വിധിയെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഉണ്ടായത്. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി അരിക്കൊമ്പനെ പിടികൂടി മാറ്റാതെ പിന്നോട്ടില്ലെന്നറിയിച്ച് പൂപ്പാറയില്‍ ജനകീയ പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു.
മേഖലയിലെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും തൊഴിലാളികളും ഉള്‍പ്പടെ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തിരുന്നു. കോടതി നടപടിയെയല്ല മറിച്ച് കേസ് കൊടുത്തവരെയാണ് വിമര്‍ശിയ്ക്കുന്നതെന്ന് യോഗത്തില്‍ എം.എം മണി എംഎല്‍എ പ്രതികരിച്ചിരുന്നു. മനുഷ്യ ജീവന് ഭീഷണിയാണെങ്കില്‍ നടപടി സ്വീകരിക്കണം. ഈ പരിസ്ഥിതിവാദികള്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.