തിരുവനന്തപുരം: വന മേഖലയ്ക്ക് പുറത്ത് ഒരു കിലോമീറ്റർ ബഫർസോണാക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിൽ ഈ വിഷയം ഉന്നയിച്ച് സമ്മർദ്ദം ചെലുത്തണം. അന്തിമ വിജ്ഞാപനത്തിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
ക്വാറികളെ മാത്രം സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കർഷക താത്പര്യങ്ങൾ കൂടി സംരക്ഷിക്കണമെന്നും സതീശൻ പറഞ്ഞു. വിഷയത്തിൽ എംപിമാരുടെ യോഗം സംസ്ഥാന സർക്കാർ വിളിക്കണം. പരിസ്ഥിതി വിഷയങ്ങളിൽ സർക്കാർ സർവകക്ഷിയോഗം വിളിക്കാൻ തയ്യാറാകണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
സ്‌കൂളുകളിലെ ഭക്ഷ്യ സുരക്ഷ വിഷയത്തിൽ സർക്കാർ ലാഘവത്തോടെയാണ് ഇടപെടുന്നത്. സ്‌കൂളുകൾ തുറക്കുന്നതിനു മുമ്പ് നടത്തേണ്ട തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിട്ടില്ല. മന്ത്രിമാർ സ്‌കൂളുകളിൽ പോയി കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചാൽ തീരുന്ന പ്രശ്‌നമല്ല നിലവിലുള്ളതെന്നും സതീശൻ പറഞ്ഞു.
വകുപ്പുകളിൽ ഒന്നും ചെയ്യാതെ മന്ത്രിമാർ ഉപതെരഞ്ഞെടുപ്പിന് പ്രചാരണത്തിന് പോയതിൻ്റെ ഫലമാണിതെന്നും സതീശൻ ആരോപിച്ചു.