തിരുവനന്തപുരം: കോവളത്ത് കുറ്റികാട്ടിൽ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ നടപടികൾ ആരംഭിച്ചു. കൊല്ലപ്പെട്ട ലിഗയുടെ സഹോദരി ഇല്‍സെ സ്‌ക്രോമെനെയാണ് (Ilze Skromane) ഒന്നാം സാക്ഷിയായി വിസ്‌തരിച്ചത്. കേസിൽ ഒന്നാം സാക്ഷിയായി വിസ്‌തരിക്കേണ്ട പ്രദീപ് എത്താത്തത് കോടതിയെ ചൊടിപ്പിച്ചു.
സാക്ഷിക്ക് വേണ്ടി അഭിഭാഷകൻ ഹാജരായി മൊഴി പറയാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി. ഒരു കാരണവും കൂടാതെ സാക്ഷി വിസ്‌താരത്തിന് ഹാജരാകാതെ ഇരുന്നാൽ പൊലീസിൻ്റെ സഹായത്തോടെ സാക്ഷിയെ അറസ്റ്റ് ചെയ്‌ത് ഹാജരാക്കാൻ പ്രോസിക്യൂഷന് കോടതി നിർദേശം നൽകി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.
സഹോദരി നല്‍കിയ മൊഴി: ഫെബ്രുവരി മൂന്നിനാണ് ലിഗയും താനും ഇന്ത്യയിൽ ആറുമാസത്തെ ആയുർവേദ ചികിത്സയ്ക്കായി എത്തുന്നത്. വിഷാദ രോഗിയായിരുന്നു (Depression) ലിഗ. ഈ അസുഖത്തിന് അയർലാൻഡിൽവച്ചു ചികിത്സ നടത്തിയിരുന്നു. അവിടെവച്ച് അസുഖം ഭേദമായെങ്കിലും പുറമെയുള്ള ആയുർവേദ ചികിത്സയ്ക്കായിട്ടാണ് ഇരുവരും കേരളത്തിൽ എത്തിയത്.
ധർമ ആയുർവേദിക് ഹോസ്‌പിറ്റലിലായിരുന്നു ചികിത്സ. ലിഗയെ ജീവനോടെ അവസാനമായി കണ്ടത് 2018 മാർച്ച് 14 ന് രാവിലെ 6.15 നാണ്. അന്ന് യോഗ അഭ്യാസത്തിനുള്ള വസ്‌ത്രം ധരിച്ച് കട്ടിലിൽ കിടക്കുകയായിരുന്നു. തലവേദന കാരണം അന്ന് യോഗയ്ക്ക് വരുന്നില്ലയെന്നും തന്നോട് പോകാനും പറഞ്ഞു. ക്ലാസ് കഴിഞ്ഞ് എത്തിയപ്പോൾ ലിഗയെ മുറിയിൽ കണ്ടിരുന്നില്ല.
സാധാരണ അവര്‍ പോകാറുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന്, അന്നേ ദിവസം രാത്രി ഏഴിന് പോത്തൻകോട് പൊലീസിൽ പരാതി നൽകി. ലിഗയുടെ ഫോട്ടോ കാണിച്ച് നിരവധി ആളുകളോട് തിരക്കിയിരുന്നു. അതിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവർ, ലിഗയെ കോവളത്ത് കൊണ്ടുവിട്ടതായി പറഞ്ഞു.
'പച്ച കുത്തിയത് തിരിച്ചറിയാൻ സഹായിച്ചു': ഇത് കേട്ട് താനും, തൻ്റെ സുഹൃത്തിനോട് ഒപ്പം കോവളത്ത് അന്വേഷിച്ചിരുന്നു. എന്നാൽ, ലിഗയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന് ശേഷം താൻ അയർലാന്‍ഡിലേയ്ക്ക് മടങ്ങി. 10 ദിവസം കഴിഞ്ഞ് പൊലീസ് കുറച്ചു ഫോട്ടോകൾ ഇ മെയിൽ മുഖേനെ അയച്ചു. ഇതിൽ കണ്ട ഫോട്ടോകൾ നേരിട്ട് കാണുവാൻ താൻ കേരളത്തിൽ തിരികെ എത്തി.
കുറ്റിക്കട്ടിനുള്ളിലെ ചതുപ്പുനിലത്തിൽ അഴുകിയ നിലയിൽ ലിഗയുടെ ശരീരം കാണുമ്പോൾ ഒരു ജാക്കറ്റ് ഉണ്ടായിരുന്നു. എന്നാൽ, ഇത് തന്‍റെ അനുജത്തിയുടെ അല്ലാ എന്ന് സാക്ഷി മൊഴി നൽകി. പിന്നീട് ലിഗയുടെ കളർ ചെയ്‌ത തലമുടി കണ്ടാണ് മൃതദേഹം തിരിച്ചറിയുന്നത് എന്ന് ഇല്‍സെ മൊഴി നൽകി. ഇതുമാത്രമല്ല സഹോദരിയുടെ ശരീരത്തിൽ ആഭരങ്ങളുടെ രൂപങ്ങൾ പച്ച കുത്തിയിരുന്നതും തിരിച്ചറിയാൻ സഹായകമായി.
'കുറ്റിക്കാട്ടിലേക്ക് വഴി ഇല്ലായിരുന്നു': മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് തന്‍റെ സഹോദരിയുടെ അല്ലായെന്ന് ഇല്‍സെ മൊഴി നൽകി. എന്നാൽ, അടിവസ്ത്രവും മറ്റു വസ്ത്രങ്ങളും അവര്‍ തിരിച്ചറിഞ്ഞു. മൃതദേഹം കണ്ടെത്തിയ കുറ്റിക്കാട്ടിൽ എത്തി ചേരാന്‍ വഴികൾ ഇല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാൽ, ഈ സ്ഥലത്തേക്ക് നിങ്ങൾ എങ്ങനെ പൊലീസിനോടൊപ്പം നടന്നുപോയെന്ന് പ്രതിഭാഗം ചോദിച്ചു.
കുറച്ചു ദൂരം വഴിയുണ്ടായിരുന്നു എന്ന്, ഇല്‍സെ പ്രതിഭാഗത്തിന് മറുപടി നൽകി. കൂടാതെ പൊലീസ് നേരായി അന്വേഷിച്ച കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് എന്തിന് മുഖ്യമന്ത്രിക്കും ഹൈക്കോടതിയിലും അപേക്ഷകൾ നൽകിയെന്ന് പ്രതിഭാഗം അഭിഭാഷകൻ ദിലീപ് സത്യൻ ചോദിച്ചു. ഒരുപാട് കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസിന് തന്‍റെ സഹോദരിയുടെ കേസിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്‌തത് എന്നായിരുന്നു മറുപടി.
കോവളത്ത് എത്തിയ യുവതിയെ പ്രതികൾ ലഹരി വസ്‌തു നൽകി പൊന്തക്കാട്ടിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 2018 മാർച്ച് 14 നാണ് സംഭവം. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികൾ പ്രതികൾ. വിചാരണ തുടരും.