തിരുവനന്തപുരം: വിദേശ വനിത ലിഗ മരിച്ചത് ബലപ്രയോഗം മൂലമുണ്ടായ ക്ഷതം കാരണമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടറും മുൻ പൊലീസ് സർജനുമായ ഡോ.ശശികലയുടെ മൊഴി. തലയും താടിയെല്ലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗത്ത് ശക്തമായി കൈമുട്ടു കൊണ്ട് ഇടിച്ചാൽ ഇവിടെ ക്ഷതം സംഭവിക്കുകയും ഇതേ തുടർന്ന് ഒരാൾക്ക് മരണം സംഭവിക്കുകയും ചെയ്യും. ലിഗയുടെ ശരീരത്തിൽ ഇത്തരം പരിക്കുകൾ ഉണ്ടായിരുന്നു.
മുങ്ങി മരണത്തിലോ, ആത്മഹത്യ ശ്രമത്തിലോ ഇത്തരം മുറിവുകൾ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ഡോക്‌ടര്‍ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്തുന്ന സമയത്ത് ലിഗയുടെ ശരീരം പൂർണമായും അഴുകിയ അവസ്ഥയിൽ ആയിരുന്നതിനാല്‍ ലൈംഗിക പീഡനം നടന്നതായി വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും ഡോക്‌ടര്‍ മൊഴി നൽകി. അന്വേഷണത്തിന്‍റെ ഭാഗമായി മൂന്നു ഘട്ടങ്ങളിലാണ് ഡോക്‌ടര്‍ മൊഴി നൽകിയിരുന്നത്. മൂന്നു വട്ടം ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തിയതിനെ പ്രതിഭാഗം ചോദ്യം ചെയ്‌തു.
2018 ഏപ്രിൽ 24, 28 തീയതികളിൽ കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളും, രണ്ടാമത് പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് നൽകിയത് ശേഷം പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങളും, മൂന്നാമത് കൊലപാതകം നടന്ന കുറ്റിക്കാട് സന്ദർശിച്ചപ്പോഴുമാണ് മൊഴി നല്‍കിയത് എന്ന് ഡോക്‌ടര്‍ വിശദീകരിച്ചു. അഴുകിയ ശരീരത്തിൽ നിന്നും ജാക്കറ്റ് ഊരി എടുത്താൽ ശരീരത്തിലെ അവയവങ്ങൾക്ക് കേടുപാട് സംഭവിക്കില്ലേ എന്ന പ്രതിഭാഗത്തിന്‍റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഡോക്‌ടറുടെ മൊഴി. 2018 മാർച്ച് 14നാണ് കേസിനാസ്‌പദമായ സംഭവം.
ആയുര്‍വേദ ചികിത്സക്കായി കേരളത്തിലെത്തിയതായിരുന്നു ലിഗ. കോവളത്തു നിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികൾ പ്രതികൾ. കേസിന്‍റെ തുടർ വിസ്താരം തിങ്കളാഴ്ച നടക്കും.
Also Read ലിഗ കൊലക്കേസ്: മുൻ അസി.കെമിക്കൽ എക്‌സാമിനർ കൂറുമാറി