തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കാണ് കിറ്റുകൾ ലഭിക്കുക. അരി, ചെറുപയർ, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ്, തുടങ്ങിയ ഒൻപത് ഇനം സാധനങ്ങൾ അടങ്ങിയതാണ് കിറ്റ്. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴികെയുള്ള 40 ദിവസം കുട്ടികൾക്ക് ലഭിക്കേണ്ട ഭക്ഷ്യ ധാന്യവും പാചക ചെലവിനായി വരുന്ന തുകയ്ക്ക് തുല്യമായ പല വ്യഞ്ജനങ്ങളുമാണ് കിറ്റായി നൽകുന്നത്.
ഇതനുസരിച്ച് പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോ അരിയും 261 രൂപയുടെ പല വ്യഞ്ജന സാധനങ്ങളും യു.പി വിഭാഗത്തിന് ആറ് കിലോ അരിയും 391 രൂപയുടെ സാധനങ്ങളും പ്രൈമറി വിഭാഗത്തിന് നാല് കിലോ അരിയും 261 രൂപയുടെ സാധനങ്ങളും ലഭിക്കും. സപ്ലൈകോ വഴിയാണ് കിറ്റുകൾ സ്കൂളുകളിൽ എത്തിക്കുക. രക്ഷിതാക്കൾ സ്കൂളില്‍ എത്തി കിറ്റുകൾ വാങ്ങണം. സാമൂഹിക അകലം ഉൾപ്പടെ പലിച്ചായിരിക്കും വിതരണം. ആദ്യ ഘട്ടത്തിൽ പ്രീ പ്രൈമറി വിഭാഗത്തിലെ വിദ്യാർഥികൾക്കും തുടർന്ന് മറ്റ് വിഭാഗങ്ങളിലെ കുട്ടികൾക്കും കിറ്റുകൾ വിതരണം ചെയ്യും.