തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഇപ്പോൾ വസന്തകാലമാണ്. കനകക്കുന്നിൽ അണിയിച്ചൊരുക്കിയ പുഷ്‌പമേളയാണ് ആളുകളില്‍ ആവേശം നിറച്ചിരിക്കുന്നത്. ദിനംപ്രതി ആയിരത്തിലധികം ആളുകളാണ് വെളിച്ചത്തിൽ മുങ്ങിയിരിക്കുന്ന മ്യൂസിയവും പുഷ്‌പമേളയും കാണാൻ എത്തുന്നത്.
വിപുലമായ കട്ട് ഫ്ലവർ പ്രദർശനം, ബോൺസായി പ്രദർശനം, അലങ്കാര മത്സ്യപ്രദർശനം, അഡ്വഞ്ചർ ഗെയിമുകള്‍ തുടങ്ങിയ വൈവിധ്യങ്ങളാണ് പൊതുജനങ്ങൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. പുഷ്പോത്സവത്തിന് പുറമേ ഒരുക്കിയിരിക്കുന്ന ദീപാലങ്കാരവും ഏറെ ആകർഷണീയമാണ്. തലസ്ഥാന നഗരിയെ വിദേശരാജ്യങ്ങളോട് ഉപമിച്ചാണ് കാണികൾ കനകക്കുന്നിറങ്ങുന്നത്.
മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയും ആണ് പുഷ്‌പമേളയിലെ ടിക്കറ്റ് നിരക്കുകൾ. ദീപാലങ്കാരം കാണാനുള്ള പാസ് സൗജന്യമാണ്. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടു കൂടിയാണ് നഗരവസന്തം പരിപാടി സംഘടിപ്പിക്കുന്നത്.
രാത്രി 12 മണി വരെ സന്ദർശകർക്ക് പുഷ്‌പമേള ആസ്വദിക്കാം. ഇതിനിടയിൽ വിവിധ നൃത്ത, സംഗീത പരിപാടികളും ഉണ്ട്. വിവിധ ജില്ലകളിലെ ഭക്ഷണം ഒരുക്കിക്കൊണ്ട് കുടുംബശ്രീയുടെ ഫുഡ് കോർട്ടും നഗരവസന്തത്തിലെ പ്രധാന ആകർഷണമാണ്.