തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുകയാണെന്ന് കേന്ദ്ര ജല കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പമ്പ (മാടമണ്‍), നെയ്യാര്‍ (അരുവിപ്പുറം), മണിമല (പുലകയര്‍), മണിമല (കല്ലൂപ്പാറ), കരമന (വെള്ളകടവ്) എന്നീ നദികളിലാണ് ജലനിരപ്പ് അപകടകരമായ രീതിയില്‍ വര്‍ധിച്ചിരിക്കുന്നത്.
അച്ചന്‍കോവില്‍ (തുമ്പമണ്‍), കാളിയാര്‍ (കലമ്പുര്‍, തൊടുപുഴ (മണക്കാട്), മീനച്ചില്‍ (കിടങ്ങൂര്‍) എന്നീ നദികളിലും ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്. അതുകൊണ്ട് തന്നെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യന്ത്രി നിര്‍ദേശിച്ചു. നദികളുടെ കരകളിലുള്ള ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കണമെന്നും ആവശ്യമുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴമാപിനികളില്‍ തൃശൂര്‍, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് അതിതീവ്ര മഴ രേഖപ്പെടുത്തിയിട്ടുള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം , കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലെയും ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചിട്ടുണ്ട്. ദുരന്തസാധ്യത മുന്നില്‍ കണ്ട് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്ന നടപടിയോട് ആരും വിമുഖത കാണിക്കരുതെന്നും അധികൃതരുടെ നിര്‍ദേശം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
READ MORE: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 10 ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്
ദേശിയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങള്‍ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഡിഫെന്‍സ് സെക്യൂരിറ്റി കോപ്‌സിന്‍റെ രണ്ട് യൂണിറ്റ് കണ്ണൂര്‍, പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു സംഘം തിരുവനന്തപുരം ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കാന്‍ നിയോഗിച്ച കമ്മിറ്റി ജലനിരപ്പ് കൃത്യമായി സ്ഥിഗതികള്‍ അവലോകനം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ (ഓഗസ്റ്റ് 02) റൂള്‍ കര്‍വ് മോണിറ്ററിങ് കമ്മിറ്റി അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും ജില്ലകളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്‌തതായും മുഖ്യമന്ത്രി അറിയിച്ചു.