തിരുവനന്തപുരം: കാട്ടുതീ അണയ്ക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുമായി വനംവകുപ്പിന്റെ ഫയർ റെസ്പോണ്ടർ വാഹനം. ഉൾവനത്തിലേക്ക് കടന്ന് ചെല്ലാനും അടിയന്തര പ്രതിരോധ പ്രവർത്തനം നടത്താനും കഴിയുന്ന രണ്ട് ഫയർ റെസ്പോണ്ടറുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി കെ രാജു നിർവഹിച്ചു.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ കിഴക്കൻ വനമേഖലയിലും മധ്യമേഖലയിലുമാണ് ഫയർ റെസ്പോണ്ടർ പ്രയോജനപ്പെടുത്തുക. എത് ദുർഘടമായ പാതയിലൂടെയും കാട്ടുതീയ്ക്കരികിലെത്താൻ ഈ രക്ഷാവാഹനങ്ങൾക്ക് കഴിയും. 450 ലിറ്റർ ജലസംഭരണ ശേഷിയുള്ള ടാങ്ക്, ജലാശയങ്ങളിൽ നിന്ന് നൂറു മീറ്റർ ദൂരത്തേക്ക് എത്ര നേരം വേണമെങ്കിലും പമ്പു ചെയ്യാനുള്ള സംവിധാനം, കാട്ടുപാതയിലെ മരങ്ങൾ വെട്ടിനീക്കി മുന്നോട്ടു പോകാനുള്ള ഉപകരണങ്ങൾ, മൃഗങ്ങളെ ഉൾവനത്തിലേക്ക് തുരത്താനുള്ള സൈറൺ, ശക്തമായ സെർച്ച് ലൈറ്റുകൾ എന്നിവ ഈ വാഹനങ്ങളിലുണ്ട്.
ഫയർ റെസ്പോണ്ടർ വാഹനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് മുപ്പത് വനസംരക്ഷണ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ആദ്യഘട്ട പ്രവർത്തനം വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫയർ റെസ്പോണ്ടർ വാഹനങ്ങൾ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു.