തിരുവനന്തപുരം പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്‌ടറിയിൽ വൻ തീപിടിത്തം. കാലാവധി കഴിഞ്ഞ ഉപയോഗശൂന്യമായ ഗർഭനിരോധന ഉറകൾ സൂക്ഷിച്ചിരുന്ന ഷെഡിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തം ഉണ്ടാക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തം ഉണ്ടാകാൻ ഇടയായ സാഹചര്യത്തെപറ്റി അന്വേഷിക്കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വൈകിട്ട് ഏഴ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. റബ്ബർ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ തീ പടർന്നതിനാൽ വലിയ പുക ഉയർന്നത് സമീപവാസികളിലും ജീവനക്കാരിലും ആശങ്കയുളവാക്കി. തുടർന്നാണ് ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചത്.
സാധാരണയായി മൂന്നു മാസം കൂടുമ്പോൾ ഉപയോഗശൂന്യമായ ഗർഭനിരോധന ഉറകൾ ഫാക്‌ടറിയിൽ നിന്നും മാറ്റുന്നതാണ്. എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ ഇത് നീക്കം ചെയ്യാൻ കഴിഞ്ഞില്ലെന്ന് ഫാക്‌ടറി അധികൃതർ വ്യക്തമാക്കി. ഏകദേശം ഒരു മണിക്കൂറോളം പണിപ്പെട്ടാണ് പൊലീസും ഫയർഫോഴ്‌സും ചേർന്ന് തീ കെടുത്തിയത്. ചെങ്കൽചൂളയിൽ നിന്നും നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. സംഭവമറിഞ്ഞ് ജില്ലാ കലക്‌ടർ നവജ്യോത് ഘോസ, മേയർ കെ. ശ്രീകുമാർ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.