തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടിത്തം ഷോട്ട് സർക്യൂട്ട് മൂലമെന്ന് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്‍റേതാണ് വിലയിരുത്തൽ. ഓഫീസിനുള്ളിലെ കേടായ ഫാനിൽ നിന്നാണ് തീ പടർന്നത് എന്നാണ് പ്രാഥമിക അനുമാനം. സംഭവം അന്വേഷിക്കുന്ന എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം സ്ഥലത്ത് പരിശോധന നടത്തിയത്.
നോർത്ത് സാന്‍റ് വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലാണ് പ്രോട്ടോകോൾ ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ ആഴ്ചകളായി കേടായി കിടന്നിരുന്ന ഫാനിന്‍റെ സ്വിച്ചിൽ നിന്നാണ് തീപടർന്നതെന്നാണ് കണ്ടെത്തൽ. തീപിടിത്തത്തിൽ ഫാൻ താഴെ വീഴുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ കമ്മീഷണർ എ. കൗശിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഇതേ നിരീക്ഷണത്തിലാണ്. ഫോറൻസിക് പരിശോധനയുടേയും ശാസ്ത്രീയ പരിശോധനയുടേയും റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കും. വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. മുൻ വിഞ്ജാപനങ്ങളും അതിഥി മന്ദിരത്തിൽ മുറി ബുക്ക് ചെയ്തതിന്‍റെ രേഖകളുമാണ് കത്തി നശിച്ചതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്. അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറുടെ പരാതിയിൽ കണ്ടോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.