തിരുവനന്തപുരം : കിൻഫ്ര പാർക്കിലെ തീപിടിത്തത്തില്‍ വിർമശനവുമായി ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. തീ അണയ്‌ക്കാനുള്ള സജ്‌ജീകരണങ്ങളോ അഗ്നിശമനയുടെ എൻ ഒ സിയോ കെട്ടിടത്തിന് ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ് മേധാവി മാധ്യങ്ങളോട് പറഞ്ഞു. എന്നാൽ ഇത് ആരുടെ വീഴ്‌ചയാണെന്ന് അറിയില്ല. ഫോറൻസിക് റിപ്പോർട്ട് അടക്കം ലഭിച്ചാൽ മാത്രമേ കിൻഫ്രയിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിക്കാനാകൂ. ഞങ്ങളുടെ ഒരു ഉദ്യോഗസ്ഥനെ നഷ്‌ടമായത് വളരെ ദുഃഖകരമായ ഒരു സംഭവമാണെന്നും ബി സന്ധ്യ പറഞ്ഞു.
എൻഫോഴ്‌സ്‌മെന്‍റ് ഫയർഫോഴ്‌സിൻ്റെ ചുമതലയല്ല : ഫയർ ഓഡിറ്റ് നടത്തുകയും നടപടികൾക്ക് ഫയർഫോഴ്‌സ് നിർദേശം നൽകുകയും ചെയ്‌തിട്ടുണ്ട്. മുഴുവൻ അഗ്നിശമന സേനയും അഗാധമായ ദുഃഖത്തിലാണ്. എന്നാൽ എൻഫോഴ്‌സ്‌മെന്‍റ് ഫയർഫോഴ്‌സിൻ്റെ ചുമതലയല്ല. സ്ഥലത്ത് ബ്‌ളീച്ചിംഗ് പൗഡറും ആൽക്കഹോളും ഒരുമിച്ചായിരുന്നോ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമല്ലെന്നും ബി സന്ധ്യ ഐ പി എസ് പറഞ്ഞു. കെട്ടിടത്തിൻ്റെ ഒരു ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ട ഫയർമാൻ രഞ്‌ജിത്ത് കതക് തളളി തുറന്ന് ആ ഭാഗത്തേക്ക് പോയപ്പോഴായിരുന്നു ദുർബലമായ ഹോളോബ്രിക്‌സ് ദേഹത്തേക്ക് മറിഞ്ഞു വീണ് അപകടമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കിൻഫ്ര പാർക്കിലെ മെഡിക്കൽ കോർപറേഷൻ സർവവീസസ് സംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 1.22 കോടിയുടെ നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്ന് കെഎംഎസ്‌സിഎൽ അറിയിച്ചു. മരുന്നുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടരാത്തതിനാൽ വലിയ അപകടം ഒഴിവായി. തീ പടരുന്ന സമയത്ത് സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
വേദനയായി രഞ്‌ജിത്ത് : മരണപ്പെട്ട രഞ്‌ജിത്തിൻ്റെ കണ്ണുകൾ ദാനം ചെയ്‌ത ശേഷമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. തുടർന്ന് തിരുവനന്തപുരം ഫയർഫോഴ്‌സ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ചു. ശേഷം രഞ്‌ജിത്ത് സേവനം അനുഷ്‌ഠിച്ചിരുന്ന ചാക്ക യൂണിറ്റിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് കൊണ്ടു പോയത്.
തുറന്നടിച്ച് പ്രതിപക്ഷ നേതാവ് : തീപിടിത്തം അട്ടിമറിയാണെന്ന തരത്തിലും ആക്ഷേപങ്ങൾ ഉയരുകയാണ്. മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ ഗോഡൗണിലെ നിരന്തരമായ തീപിടിത്തം ദുരൂഹമാണെന്നും കൊല്ലത്തും തിരുവനന്തപുരത്തും ബ്‌ളീച്ചിംഗ് പൗഡറിൽ നിന്ന് തന്നെ തീ ഉയർന്നത് അവിശ്വസനീയമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആക്ഷേപിച്ചു. കോവിഡ് കാലത്ത് മരുന്നും മറ്റി മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോൾ തീപിടുത്തം നിരന്തരം സംഭവിക്കുന്നു.
രണ്ട് കൊല്ലത്തിനിടെ ഒൻപത് എം ഡിമാരാണ് സ്ഥാപനത്തിൽ മാറി മാറി വന്നത്. വളരെ ലാഘവത്തോടെയാണ് സ്ഥാപനം നടത്തിപ്പോകുന്നത്. വലിയ തോതിൽ മരുന്ന് വാങ്ങി കൂട്ടി അഴിമതി നടത്തുന്നുണ്ട്. അതിനാലാണ് ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെടുന്നത്.
സംഭവത്തിൽ ഗൗരവമായ അന്വേഷണം വേണം. മനപ്പൂർവമായ തീപിടിത്തം എന്നാണ് നിലവിലെ അപകടത്തെ കുറിച്ചുള്ള വിശദീകരണം. കൃത്യമായ സമയത്ത് മരുന്ന് വാങ്ങാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതു കൊണ്ടാണ് മരുന്ന് ക്ഷാമം ഉണ്ടാകുന്നത്. സർക്കാരിൻ്റെ സ്ഥിരം പരിപാടിയാണിതെന്നും വി ഡി സതീശൻ പറഞ്ഞു.