തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. രാഷ്ട്രീയ വൈരാഗ്യത്താല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നു. വധശ്രമത്തിനുള്ളതിന് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തല്‍, വിമാന സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
'നിന്നെ ഞങ്ങള്‍ വച്ചേക്കില്ല' എന്നാക്രോശിച്ചുകൊണ്ട് 20 എ എന്ന സീറ്റിലിരുന്നയാള്‍ മുഖ്യമന്ത്രിക്ക് നേരെ അക്രമത്തിന് ശ്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിനെയും ആക്രമിച്ചെന്ന് പരാമര്‍ശിക്കുന്നു. വിമാനത്തില്‍ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളില്‍ യാത്ര ചെയ്‌തിരുന്നവരാണ് അതിക്രമം കാണിച്ചത്.
രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ ഗൂഢാലോചന നടത്തിയാണ് ഇത്തരമൊരു ശ്രമം നടന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വിമാനത്തിലെ ക്രൂവിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയും പ്രതികള്‍ മുദ്രാവാക്യം വിളിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. വലിയതുറ പൊലീസാണ് കേസെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന്‍ എന്നിവരാണ് പ്രതികള്‍. സുനിത് നാരായണന്‍ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഐപിസി 120 ബി, 332, 307, 34 വകുപ്പുകളും എയര്‍ ക്രാഫ്റ്റ് (ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ആക്‌സിഡന്‍സ് ആന്‍ഡ് ഇന്‍സിഡെന്‍സ് റൂള്‍സ്-2012) 22, എയര്‍ക്രാഫ്റ്റ് ആക്‌ട് 11 എ, സിവില്‍ ഏവിയേഷന്‍ ആക്‌ട് 3(1)(എ) എന്നിവ അനുസരിച്ചുമാണ് കേസ്.