തിരുവനന്തപുരം: സാമ്പത്തിക സംവരണം ദേവസ്വം ബോർഡില്‍ നടപ്പാക്കുന്നതിന്‍റ ഭാഗമായുള്ള സാധ്യതാ പട്ടിക നാളെ പുറത്ത് വരും. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ ഡി ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് രണ്ടിന്‍റെ പട്ടികയിലാണ് നിലവിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. സംവരണം ഇല്ലാത്ത സമുദായങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണമാണ് അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ സർക്കാർ കഴഞ്ഞ വർഷം നവംബർ 28-ന് അനുവാദം നൽകിയിരുന്നെങ്കിലും മാനദണ്ഡം ബോർഡ് തന്നെ തയ്യാറാക്കേണ്ടി വന്നു. ഒട്ടേറെ തടസവാദങ്ങൾ മറികടന്നാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നതെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം രാജഗോപാലൻ നായർ വ്യക്തമാക്കി.
സാമ്പത്തിക സംവരണത്തിന് അർഹത നേടാൻ ഉദ്യോഗാർഥിയുടെ പ്രതിവർഷ കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയിൽ കൂടരുത്. ആദായ നികുതി നൽകുന്നവർ ഉൾപ്പെട്ട കുടുംബാംഗമോ ഒരേക്കറിൽ അധികം ഭൂമിയുള്ള കുടുംബമോ ആകരുത്. സർക്കാർ ഉദ്യോഗസ്ഥൻ അംഗമായ കുടുംബമാകരുത് എന്നിവയും മാനദണ്ഡങ്ങളാണ്.
ദേവസ്വം ബോർഡ് നിയമനങ്ങളിലെ സംവരണക്രമം 50:50 ആയി പുനർ നിർണയിക്കുകയും ചെയ്തിട്ടുണ്ട്. ഈഴവ വിഭാഗക്കാർക്ക് മൂന്ന് ശതമാനം വർധിപ്പിച്ച് 17 ശതമാനം സംവരണമാക്കിയിട്ടുണ്ട്. പട്ടിക ജാതി പട്ടികവർഗക്കാർക്ക് രണ്ട് ശതമാനം വർധിപ്പിച്ച് 12 ശതമാനവും ആക്കി. ഒബിസിക്കും വിശ്വകർമ്മയ്ക്കും മൂന്ന് ശതമാനം വീതവും വർധിപ്പിച്ചു.