തിരുവനന്തപുരം : കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതി യഥാർഥ്യമാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കെ-റെയിൽ പോലൊരു പദ്ധതി നടപ്പാക്കുന്നതിന് നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങൾ തടസമാകില്ലെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരളത്തിൻ്റെ ഭാവിയെ കരുതിയുള്ള പദ്ധതിയാണത്. യാഥാർഥ്യമായാൽ വലിയ വികസനം സംസ്ഥാനത്തുണ്ടാകും. വന്ദേഭാരത് പോലുള്ള വേഗമേറിയ ട്രെയിൻ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്.
എന്നാൽ കേരളത്തിൽ ഇതുവരെ ഒരു വേഗമേറിയ ട്രെയിൻ പദ്ധതിക്ക് കേന്ദ്രം തയാറായിട്ടില്ല. പദ്ധതിക്കായി സർക്കാർ പരിമിതമായ ചെലവുകളാണ് നടത്തിയിട്ടുള്ളത്. അനുമതി ലഭിക്കാതെ പണം ചിലവാക്കിയെന്ന വിമർശനത്തിന് അടിസ്ഥാനമില്ല.
അങ്ങനെ നോക്കിയാൽ ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയില്ല. വികസനം വരുന്നതിന് ഇത്തരം പദ്ധതികൾ ആവശ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.