തിരുവനന്തപുരം : കൊവിഡ് കാലത്ത് ആവശ്യമായ ടെൻഡറില്ലാതെ നിരവധി സാധനങ്ങള്‍ ഉയര്‍ന്ന വില നല്‍കി വാങ്ങിക്കൂട്ടിയെന്ന ആരോപണം നിലനില്‍ക്കെ ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം ഫയലുകള്‍ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. കോടികളുടെ മരുന്നുവാങ്ങല്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളാണ് ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് നഷ്ടമായത്.
അലമാരകളിലും ഷെല്‍ഫുകളിലും സൂക്ഷിച്ചിരുന്ന ഫയലുകളാണ് കാണാതായത്. ഫയലുകള്‍ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതി അന്വേഷണത്തിനായി കന്‍റോൺമെന്‍റ് പൊലീസിനെ അറിയിച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.
ALSO READ:'എടപ്പാളിലൂടെ ഇനി തടസങ്ങളില്ലാതെ ഓടാം' ; സംഘപരിവാറിനെ ട്രോളി കെ.കെ ശൈലജ
കൊവിഡ് കാലത്ത് ടെൻഡറില്ലാതെ കോടിക്കണക്കിന് രൂപയുടെ മരുന്നുകളും ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി വാങ്ങിയതുസംബന്ധിച്ച ഫയലുകള്‍ ഉള്‍പ്പെടെ നഷ്ടമായതായി സംശയമുണ്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലും മരുന്നുകള്‍ വാങ്ങിയ ഡിജിറ്റല്‍ ഫയലുകള്‍ നശിപ്പിച്ചതായി സംശയിക്കുന്നു. ജീവനക്കാര്‍ അറിയാതെ ഫയലുകള്‍ എടുത്തുമാറ്റാനാകില്ലെന്നാണ് പൊലീസ് നിഗമനം.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നവീകരിച്ചപ്പോള്‍ ഫയലുകള്‍ എടുത്തുമാറ്റിയിരുന്നെങ്കിലും അന്ന് അവ നഷ്ടമായിരുന്നില്ലെന്ന് ക്ലാര്‍ക്കുമാര്‍ പൊലീസിനെ അറിയിച്ചു. ആരോഗ്യ വകുപ്പ് വിജിലന്‍സും അന്വേഷണം ആരംഭിച്ചു. സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
എന്നാല്‍ നഷ്ടമായ ഫയലുകള്‍ ഏതൊക്കെ എന്നത് സംബന്ധിച്ച കൃത്യമായ വിവരം ആരോഗ്യ വകുപ്പ് നല്‍കുന്നില്ലെന്നാണ് പൊലീസിന്‍റെ ആരോപണം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലും ആരോഗ്യ വകുപ്പിലും ഇടപാടുകളുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ നടത്തുന്ന വന്‍ സംഘമാകാം ഇതിനുപിന്നിലെന്നാണ് സംശയം.