തിരുവനന്തപുരം: രണ്ടില ചിഹ്നത്തിൽ അവകാശവാദമുന്നയിച്ച് ജോസ് കെ മാണിയും പി.ജെ ജോസഫും. രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ഇരുവിഭാഗവും കത്ത് നൽകി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചിഹ്നം അനുവദിക്കണമെന്നാണ് ഇരുവിഭാഗവും കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നത്.
കമ്മിഷൻ ഇത് സംബന്ധിച്ച് 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചിരുന്നു. എന്നാൽ പി.ജെ ജോസഫ് വിഭാഗത്തിൻ്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിട്ടുണ്ട്. ഇതിനെതിരെ ജോസ് കെ മാണി വിഭാഗം ഫയൽ ചെയ്തിട്ടുള്ള ഹർജി ഹൈക്കോടതി ഉടൻ പരിഗണിക്കുന്നുണ്ട്. ചിഹ്നത്തിന്‍റെ പേരുള്ള നിയമ തർക്കം തുടർന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം താൽകാലികമായി മരവിപ്പിക്കാനും സാധ്യതയുണ്ട്.