തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് നേരേയുണ്ടായ പൊലീസ് ആക്രമത്തിൽ പ്രതിഷേധിച്ച് നാളെ ഫാസിസ്റ്റ് വിമോചന സദസ് (Fascist Vimochana Sadas will conduct tomorrow) നടത്താൻ ഒരുങ്ങി കോണ്‍ഗ്രസ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാല നടത്തുന്നത്. കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്‌ണനാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എം പി, കൊടിക്കുന്നില്‍ സുരേഷ് എം പി, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, കേരളത്തില്‍ നിന്നുള്ള എ ഐ സി സി ഭാരവാഹികള്‍, കെ പി സി സി ഭാരവാഹികള്‍,ഡി സി സി പ്രസിഡന്‍റുമാര്‍, കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍, എം പിമാര്‍,എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലെ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യും. 282 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നാളെ വിമോചന സദസ് നടക്കാനിരിയ്‌ക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ച് കെ പി സി സി അടുത്തിടെ ഡിജിപി ഓഫീസിലേയ്‌ക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെ പി സി സി മാർച്ചിൽ നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. ഇതേ തുടർന്ന് ചിതറി ഓടിയ പ്രവര്‍ത്തകർ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് ജലപീരങ്കി പ്രയോഗിയ്‌ക്കുകയും ചെയ്‌തിരുന്നു.
കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടർന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അദ്ദേഹത്തെ ശാസ്‌തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിയ്‌ക്കുകയും ചെയ്‌തിരുന്നു. അതേ സമയം സമരക്കാര്‍ മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ 8 തവണയാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞത്.