തിരുവനന്തപുരം: പാറശാല മുരിയങ്കര സമുദായ പറ്റ് സ്വദേശി ഷാരോൺ രാജിന്‍റെ (23) മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പെണ്‍സുഹൃത്ത് വിഷം നല്‍കി ഷാരോണിനെ കൊല്ലുകയായിരുന്നു എന്നാണ് കുംബത്തിന്‍റെ ആരോപണം. സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് നീതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഷാരോണിന്‍റെ അച്ഛൻ ജയരാജ് പാറശാല പൊലീസിൽ പരാതി നൽകി.
നെയ്യൂരിലെ സ്വകാര്യ കോളജിൽ ബിഎസ്‌സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായായിരുന്നു ഷാരോൺ രാജ്. കാരക്കോണം സ്വദേശിനിയുമായി ഷാരോൺ രാജ് അടുപ്പത്തിലായിരുന്നു. റെക്കോഡ് ബുക്കുകൾ ഉൾപ്പെടെ എഴുതി ഈ പെൺകുട്ടി ഷാരോൺ രാജിനെ സഹായിക്കുക പതിവായിരുന്നു.
എന്നാൽ പെൺകുട്ടിക്ക് വീട്ടുകാർ വിവാഹ ആലോചന കൊണ്ടുവന്നതോടെ ഇവരുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടായി. കഴിഞ്ഞ പതിനേഴാം തിയതി പെൺകുട്ടിയുടെ നിർദേശ പ്രകാരം ഷാരോൺ സുഹൃത്ത് റെജിനൊപ്പം പെൺകുട്ടിയുടെ വീട്ടിൽ റെക്കോഡ് ബുക്കുകൾ തിരികെ വാങ്ങാൻ പോയിരുന്നു. ഈ സമയം പെൺകുട്ടി കഷായവും ജ്യൂസും കുടിക്കാൻ നൽകി.
ഇത് കുടിച്ചതിനെ തുടര്‍ന്ന് ഷാരോണിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നാലെ പാറശാല ജനറൽ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ തേടുകയും ചെയ്‌തു. ആന്തരിക അവയവങ്ങൾ ഉൾപ്പെടെ തകരാറിലായ ഷാരോണിന്‍റെ നില ഗുരുതരമായതിനെ തുടർന്ന് ഒക്‌ടോബര്‍ 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷാരോണിന്‍റെ അച്ഛൻ ജയരാജ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പാറശാല പൊലീസ് അറിയിച്ചു.