തിരുവനന്തപുരം:തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫ് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച് ഐഎഎസ് നേടിയ കേസില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥരും കുടുങ്ങും. സര്‍ട്ടിഫിക്കറ്റ് നല്‍കിയ എറണാകുളം കണയന്നൂര്‍ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒബിസി സംവരണത്തിനായി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റാണ് ആസിഫ് കെ യൂസഫ് സമര്‍പ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസ് നല്‍കിയതിനെത്തുടര്‍ന്നാണ് വിജിലന്‍സ് പരിശോധനയ്ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയത്.
ആസിഫിൻ്റെ കുടുംബത്തിന് ശരാശരി 25 ലക്ഷം വാര്‍ഷിക വരുമാനം ഉണ്ടായിരിക്കെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തി എൺപതിനായിരം എന്ന വരുമാന സര്‍ട്ടിഫിക്കറ്റാണ് കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയതെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൈക്കൂലി വാങ്ങിയോ,വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് വിജിലന്‍സ് പരിശോധിക്കുക. തഹസില്‍ദാരെ ഉടന്‍ വിജിലന്‍സ് ചോദ്യം ചെയ്യും. അതിനു ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. അതേസമയം ആസിഫ് കെ യൂസഫിനെതിരായ റിപ്പോര്‍ട്ട് ഉടന്‍ ചീഫ് സെക്രട്ടറി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമായിരിക്കും ആസിഫിനെതിരായ നടപടി.