തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനയ്ക്ക് പിന്നാലെ കെഎസ്‌യു പുനഃസംഘടനയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെഎസ്‌യു പുതിയ ഭാരവാഹികളെ എന്‍എസ്‌യു പ്രഖ്യാപിച്ചതിനു പിന്നാലെ സംഘടനയുടെ ചുമതലയുണ്ടായിരുന്ന കെപിസിസി നേതാക്കള്‍ സ്ഥാനമൊഴിഞ്ഞു. കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം, ജനറല്‍ സെക്രട്ടറി ജയന്ത് എന്നിവരാണ് ചുമതല ഒഴിഞ്ഞത്. ഇതിന്‍റെ ഭാഗമായി ഇരുവരും സ്ഥാനം ഒഴിയുന്നതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് കത്ത് നല്‍കി.
അതൃപ്‌തി എന്തിന്: 100 പേരടങ്ങുന്ന ജംമ്പോ കമ്മറ്റിയാണ് എന്‍എസ്‌യു പുറത്തിറക്കിയത്. എന്നാല്‍ കേരളത്തില്‍ നിന്നും 40 പേരുടെ പട്ടികയാണ് കെപിസിസി പ്രസിഡന്‍റ് അടക്കം ചര്‍ച്ച് ചെയ്‌ത് തയാറാക്കിയത്. ഇതില്‍ പലരേയും വെട്ടിമാറ്റിയും ഒരു പ്രവര്‍ത്തനത്തിനും പങ്കാളിയാകാത്ത പലരേയും ഉള്‍പ്പെടുത്തിയാണ് ജംമ്പോ കമ്മറ്റിയെ തെരഞ്ഞെടുത്തിരിക്കുന്നത്. മാത്രമല്ല ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയും കേരളത്തിലെ നേതാക്കളുമായി നടത്തിയില്ല. ഇതോടെ ഒരു മാനദണ്ഡവും പാലിക്കാതെയുളള പുനസംഘടനയിലാണ് നേതാക്കള്‍ പ്രതിഷേധമറിയിച്ച് മാറിനില്‍ക്കുന്നത്.
പ്രതിഷേധം പുകയുന്നു: സ്ഥാനമൊഴിഞ്ഞ വി.ടി ബല്‍റാമും ജയന്തും കെ.സുധാകരനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാക്കളാണ്. ഇവര്‍ ചുമതല ഒഴിയുന്നതിലൂടെ സുധാകരന്‍റെ പ്രതിഷേധം തന്നെയാണ് പുറത്തുവരുന്നത്. കെ.സുധാകരനോട് അടക്കം ചര്‍ച്ച ചെയ്യാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വി.ഡി സതീശനും ചേര്‍ന്ന് ഏകപക്ഷീയമായി പട്ടിക തയാറാക്കിയെന്നാണ് നേതാക്കള്‍ക്കിടയിലെ വിമര്‍ശനം. ഇത്തരത്തില്‍ പട്ടിക തയാറാക്കിയപ്പോഴാണ് എ, ഐ ഗ്രൂപ്പുകളിലെ പലരും വെട്ടിമാറ്റപ്പെട്ടത്. ഇക്കാര്യത്തിലുളള എതിര്‍പ്പുകളാണ് മറനീക്കി പുറത്തുവരുന്നതും. ഇത് സംബന്ധിച്ച് അതൃപ്‌തി സുധാകരന്‍ തന്നെ നേരിട്ട് ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
പുനഃസംഘടന എന്ന കടമ്പ: നേരത്തെ മഹിളാ കോണ്‍ഗ്രസ് പുനസംഘടനയിലും കേരളത്തിലെ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഒരാള്‍ക്ക് ഒരു പദവിയെന്ന ചിന്തന്‍ ശിബിരിലെ തീരുമാനം അട്ടിമറിച്ച് ജെബി മേത്തറെ വീണ്ടും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാക്കിയതിലാണ് എതിര്‍പ്പ് ഉയരുന്നത്. കെ.സി.വേണുഗോപാലിനൊപ്പം രമേശ് ചെന്നിത്തലയും കൂടി ചേര്‍ന്നാണ് മഹിളാ കോണ്‍ഗ്രസ് പുനസംഘടനയില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തെ അട്ടിമറിച്ചത്. എന്നാല്‍ കെഎസ്‌യു പുനസംഘടനയില്‍ രമേശ് ചെന്നിത്തലയും അസ്വസ്ഥനാണ്. തന്‍റെ ഗ്രൂപ്പിലുള്ളവരെ വെട്ടിമാറ്റിയതിലാണ് ഈ എതിര്‍പ്പ്. വരും ദിവസങ്ങളില്‍ ഈ പോര് മുറുകാനാണ് സാധ്യത. എംപിമാരടക്കം പുനഃസംഘനകളില്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പരസ്യപ്രതികരണം ഇതുവരെയുണ്ടായിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ഇതിനും സാധ്യതയേറുകയാണ്.
അലോഷ്യസ് സേവ്യര്‍ സംസ്ഥാന പ്രസിഡന്‍റായുള്ള സംസ്ഥാന കമ്മറ്റിയില്‍ ആറ് വൈസ് പ്രസിഡന്‍റുമാരാണുള്ളത്. നേരത്തെ ഇത് രണ്ടായിരുന്നു. 30 ജനറല്‍ സെക്രട്ടറിമാരെ കൂടാതെ 43 സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും കമ്മറ്റിയിലുണ്ട്. ഇതുകൂടാതെ 21 കണ്‍വീനര്‍മാരെയും സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. ജംമ്പോ കമ്മറ്റികള്‍ വേണ്ടെന്ന പാര്‍ട്ടി തീരുമാനത്തെ പോലും മുഖവിലക്കെടുക്കാതെയുള്ള തീരുമാനത്തിലാണ് സുധാകരന്‍ പ്രതിഷേധിക്കുന്നത്.