തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ട്രേഡ് യൂണിയനുകളുടെ പല സമരങ്ങളും അമിത ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു (Antony Raju on trade union protests) എന്നും അതുകൊണ്ട് പല ആവശ്യങ്ങളും അംഗീകരിച്ചില്ലെന്നും സമരം നടത്തിയതിൻ്റെ പേരിൽ ഒരു തീരുമാനവും സർക്കാർ മാറ്റിയിട്ടില്ലെന്നും മുൻ ഗതാഗത മന്ത്രി ആന്‍റണി രാജു (Ex Minister Antony Raju about KSRTC trade unions). തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിലായിരുന്നു മന്ത്രി സ്ഥാനമൊഴിഞ്ഞ ആന്‍റണി രാജുവിന്‍റെ പ്രതികരണം.
സ്ത്രീധന പീഡനത്തെ തുടർന്ന് ഡോ. വിസ്‌മയ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ എസ് കിരൺ കുമാറിനെ 46-ാം ദിവസം പിരിച്ചുവിട്ടത് രാജ്യത്തിനാകെ മാതൃകയാകുന്ന നടപടിയാണെന്നും അതിന് തുടക്കം കുറിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആന്‍റണി രാജു പറഞ്ഞു. തന്‍റെ വകുപ്പുകളിലെ നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് ആന്‍റണി രാജു സംസാരിച്ചത്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞതിൽ സംതൃപ്‌തിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയിൽ പ്രൊഫഷണൽ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി 30-07-2021ൽ ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. അംഗീകൃത ട്രേഡ് യൂണിയൻ നേതാക്കൾക്ക് ഉണ്ടായിരുന്ന പ്രൊട്ടക്ഷൻ 340ൽ നിന്ന് 50 ആയി കുറച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള പുതിയ സ്വാതന്ത്ര കമ്പിനി കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരിച്ചു.
23-12-2023ൽ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിദിന വരുമാനമായ 9.55 കോടി രൂപ ലഭിച്ചു. നാല് കെ എ എസ് ഓഫിസർമാരെ ജനറൽ മാനേജർമാരായി നിയമിച്ചു. ജോലിയിൽ നിന്ന് പിരിച്ചുവിട്ട 3000ൽ പരം ബദല്‍ ജീവനക്കാർക്ക് പുനർനിയമനം നൽകി. വിദ്യാർഥി ബസ് കൺസഷൻ ലഭിക്കാൻ ഓൺലൈൻ സംവിധാനം നടപ്പിലാക്കി. ഇങ്ങനെ കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ നിരവധി പ്രവർത്തനനങ്ങളെ കുറിച്ച് ആന്‍റണി രാജു പറഞ്ഞു.
ഗതാഗത വകുപ്പിലെ ജീവനക്കാർക്കെതിരായ സ്ത്രീ പീഡന പരാതികൾ അന്വേഷണം പൂർത്തിയാക്കി നടപടി കൈക്കൊള്ളുന്നതിനുള്ള സമയപരിധി 60 ദിവസമായി നിജപ്പെടുത്തി. എ ഐ ക്യാമറകൾ പ്രവർത്തനസജ്ജമാക്കി റോഡ് അപകട മരണനിരക്ക് കുറച്ച് രാജ്യത്തിനു മാതൃകയാക്കിയെന്നും ആന്‍റണി രാജു പറഞ്ഞു. വളരെ അഭിമാനത്തോടെയാണ് താന്‍ മന്ത്രി സ്ഥാനത്തു നിന്നും രാജിവയ്‌ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.