തിരുവനന്തപുരം: ചന്ദനം ഒഴികെയുള്ള റിസർവ് ചെയ്യപ്പെട്ട മരങ്ങൾ മുറിക്കാൻ പ്രതിപക്ഷം അനുമതി തേടിയതിന്‍റെ തെളിവുകൾ പുറത്ത്. ആവശ്യമുന്നയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നൽകിയ കത്ത് പുറത്തുവന്നു.
സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ നൽകിയ കത്താണ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് കൈമാറിയത്. ആവശ്യം പരിശോധിക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശവും നൽകി.
വയനാട് ജില്ല റവന്യൂ പട്ടയഭൂമി കർഷക സംരക്ഷണ സമിതി പ്രസിഡൻ്റ് ടി.എം ബേബിയുടെ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഐ.സി ബാലകൃഷ്ണൻ രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകിയത്. കഴിഞ്ഞ ജനുവരി 14ന് ഐ.സി ബാലകൃഷ്ണൻ്റെ കത്ത് രമേശ് ചെന്നിത്തല റവന്യg മന്ത്രിക്ക് കൈമാറുകയും ചെയ്തു.
Also Read: സിപിഎമ്മിന് ഭയമുള്ളതുകൊണ്ടാണ് തന്നെ വർഗീയവാദിയാക്കുന്നത്: കെ.സുധാകരൻ
എന്നാൽ മരം മുറിക്കുള്ള വിവാദ ഉത്തരവ് ഇറങ്ങി മൂന്നു മാസത്തിനു ശേഷമാണ് അപേക്ഷ നൽകിയതെന്നും അപേക്ഷ നൽകി ഒരു മാസത്തിനുള്ളിൽ ഉത്തരവ് പിൻവലിച്ചെന്നും ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.
അപേക്ഷയിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. മുട്ടിൽ മരംമുറി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തുന്നതിനിടെയാണ് കത്ത് പുറത്തു വന്നിരിക്കുന്നത്.