തിരുവനന്തപുരം: പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ 57 ഹെക്‌ടര്‍ ഇഎഫ്‌എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയ കൊല്ലം ഇഎഫ്‌എല്‍ ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി കെ രാജു. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കി വിജ്ഞാപനം ചെയ്ത വനം വകുപ്പിന്റെ നടപടി കോടതി റദ്ദാക്കിയത് സംബന്ധിച്ച വാര്‍ത്ത ഇടിവി ഭാരത് പുറത്തു കൊണ്ടുവന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ 81.5 ഏക്കര്‍ സ്ഥലം ഐഎസ്‌ആര്‍ഒക്ക് തോട്ടം ഉടമയായ സേവി മനോമാത്യു 2009ല്‍ കൈമാറ്റം ചെയ്‌തതോടെയാണ് ഈ പ്രദേശത്തെ വനം വകുപ്പ് പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കി വിജ്ഞാപനം ചെയ്‌തത്. ഇതിനെതിരെ ഐഎസ്‌ആര്‍ഒയും തോട്ടം ഉടമയും നല്‍കിയ ഹര്‍ജിയിലാണ് ഇഎഫ്‌എല്‍ പരിധിയില്‍പ്പെടുത്തിയ നടപടി കൊല്ലം ഇഎഫ്‌എല്‍ ട്രൈബ്യൂണല്‍ റദ്ദാക്കിയത്.
മേയ് 30ന് വിധി വന്നുവെങ്കിലും ഇത്രയും കാലം വനം വകുപ്പ് ഇത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. നഷ്‌ടപ്പെട്ട ഭൂമി ഉടമകളില്‍ നിന്ന് വിലകൊടുത്ത് വാങ്ങി ഇഎഫ്‌എല്‍ ആക്കി വിജ്ഞാപനം ചെയ്യാമെന്ന ട്രിബ്യൂണല്‍ നിര്‍ദേശത്തിന്‍മേല്‍ ഹൈക്കോടതി വിധിക്ക് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.