തിരുവനന്തപുരം : കൊച്ചി കലൂരിൽ ഹോട്ടൽ മുറിയിൽ ഒന്നര വയസുകാരിയെ മുക്കി കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. വേഷം മാറി തിരുവനന്തപുരം ബീമാപള്ളിയിൽ ഒളിവിൽ കഴിയുകയായിരുന്ന സിപ്‌സിയെ പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. കുട്ടിയെ സംരക്ഷിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നാണ് സിപ്‌സിക്ക് മേലുള്ള കുറ്റം.
നിലവിൽ ജുവനൈൽ ജസ്റ്റിസ് 77 ആം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റം ചുമത്താനാകുമോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. സിപ്‌സിയുടെ മകൻ സജീവിന്‍റെ കുട്ടിയാണ് മരിച്ച നോറ മരിയ.
Also Read: ഒന്നരവയസുകാരിയെ മുക്കിക്കൊന്ന കേസ്: അച്ഛനെതിരെയും മുത്തശ്ശിക്കെതിരെയും കേസെടുത്തു
മകൻ്റെ രണ്ട് കുട്ടികളെ ഉപയോഗിച്ച് സിപ്‌സി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി കുട്ടിയുടെ അമ്മ ഡിക്‌സി ആരോപിച്ചു. അങ്കമാലി സ്വദേശിയായ സിപ്‌സിയുടെ പേരിൽ വിവിധ ജില്ലകളിൽ മോഷണം മുതൽ കഞ്ചാവ് കേസ് വരെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് സിപ്‌സിയുടെ കാമുകനായ ജോൺ ബിനോയ് ഡിക്രൂസ് ഹോട്ടൽ മുറിയിൽ കുട്ടിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ഇവരുടെ മകൻ സജീവ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു. അമ്മ ഡിക്‌സി വിദേശത്തും. സിപ്‌സിയെ ഇന്ന് എറണാകുളം നോർത്ത് പൊലീസിന് കൈമാറും.