തിരുവനന്തപുരം: മൂന്നാഴ്‌ചത്തേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ കയറില്ലെന്ന് പ്രഖ്യാപിച്ച ജയരാജന് ഇനി ഉടനെയൊന്നും നാട്ടിലേക്ക് വിമാന യാത്ര തരപ്പെടില്ല. നിലവില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കും തിരിച്ചും നേരിട്ട് സര്‍വീസ് നടത്തുന്ന ഏക വിമാന കമ്പനി ഇന്‍ഡിഗോ മാത്രമാണ്. പറഞ്ഞതില്‍ ജയരാജന്‍ ഉറച്ചുനില്‍ക്കുകയും പുതുയായി മറ്റ് കമ്പനികളൊന്നും കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിക്കാതിരിക്കുകയും ചെയ്‌താല്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കും തിരിച്ചും ജയരാജന് മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുകയേ നിര്‍വാഹമുള്ളൂ.
തിരുവനന്തപുരത്ത് നിന്ന് ഇന്‍ഡിഗോ കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത് രാവിലെ 11ന് ആണ്. വൈകിട്ട് അഞ്ചിന് ഇതേ ഇന്‍ഡിഗോ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുന്നു. ഫലത്തില്‍ ജയരാജന് തലസ്ഥാനത്ത് നിന്നും നാട്ടിലേക്കും തിരിച്ചും വിമാന യാത്ര നടത്താന്‍ മറ്റ് കമ്പനികളെ ആശ്രയിക്കാനാവില്ല. ഇന്‍ഡിഗോ വൃത്തികെട്ട കോര്‍പ്പറേറ്റ് കമ്പനിയാണെന്നും നടന്നുപോയാലും നയാപൈസ ഈ കമ്പനിക്ക് നല്‍കില്ലെന്നുമാണ് ജയരാജന്‍റെ പ്രഖ്യാപനം. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജയരാജന്‍റെ ഡല്‍ഹി യാത്രകള്‍ക്കും ഇനി സമയത്ത് വിമാനം ലഭ്യമാകാനുള്ള സാധ്യതയും ഇതോടെ ഇല്ലാതെയായിരിക്കുകയാണ്.