തിരുവനന്തപുരം: പ്രതിപക്ഷത്തെ വിമര്‍ശിച്ച് മന്ത്രിമാരായ ഇ.പി ജയരാജനും കടകംപള്ളി സുരേന്ദ്രനും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് പാര വയ്ക്കുന്ന പ്രവണത പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും നേര്‍വഴിക്ക് ചിന്തിക്കണമെന്നും വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. പ്രതിപക്ഷത്തിന് അധികാര ഭ്രമം കൊണ്ടുള്ള നശീകരണ വാസനയാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ നിലപാട് നാടിന്‍റെ മുഴുവന്‍ പുരോഗിയേയും ബാധിച്ചിരിക്കുകയാണ്.
ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ഇതുവരെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും കൊവിഡിനെ പ്രതിരോധിക്കാന്‍ ലോകം മുഴുവന്‍ സങ്കേതിക വിദ്യയുടെ സഹായം തേടുമ്പോള്‍ കേരളത്തിലെ പ്രതിപക്ഷം ഇതിനെതിരെ കോടതിയില്‍ പോവുകയാണെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം നാടിന് നല്ലത് വരുന്നത് പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നായിരുന്നു മന്ത്രി കടകംപള്ളിയുടെ വിമര്‍ശനം. പമ്പാതീരത്ത് അടിഞ്ഞ് കൂടിയ മണലെടുക്കുന്നതില്‍ പ്രതിപക്ഷം തടസം നില്‍കുന്നു. ഇത് നാടിന്‍റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നെങ്കില്‍ ഗുണമുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു. ഓണക്കിറ്റിലെ ശര്‍ക്കരയില്‍ 40 ഗ്രാം കുറവുണ്ടെന്നാണ് പുതിയ അഴിമതി ആരോപണം. യാഥാര്‍ഥ്യം തിരിച്ചറിയാന്‍ രാഷ്‌ട്രീയ അന്ധത കൊണ്ട് പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.