തിരുവനന്തപുരം: ഐടി വകുപ്പില്‍ സ്വപ്‌ന സുരേഷിന്‍റെ നിയമനം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ 'നുണകളാല്‍ തകര്‍ക്കാനാവില്ല' എന്ന ലേഖനത്തിലാണ് മുഖ്യമന്ത്രിയടേതിന് വിഭിന്നമായ നിലപാട് കോടിയേരി അറിയിച്ചത്. സ്വപ്‌നയുടെ നിയമനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. പൊതുസമൂഹത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് അവമതിപ്പിണ്ടുക്കിയതിനെ തുടര്‍ന്നാണ് എം.ശിവശങ്കറിനെ പുറത്താക്കിയതെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ഈ നിലപാടിനെ തിരുത്തുന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനം.
ഐടി വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തില്‍ താല്‍ക്കാലിക കരാര്‍ നിയമനത്തില്‍ സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്‌ന കയറിപ്പറ്റിയതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ നിജസ്ഥിതി അന്വേഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റില്‍ ജീവനക്കാരിയായിരുന്ന സ്വപ്‌നയെ പ്ലേസ്‌മെന്‍റ് ഏജന്‍സി വഴിയാണ് ഐടി വകുപ്പില്‍ നിയമിച്ചത്. ഇത്തരം നിയമനങ്ങള്‍ വിവിധ പ്രോജക്‌ടുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്നുണ്ട്. ഇത് പുതിയ കാര്യമല്ലെന്നും നിയമനകാര്യങ്ങള്‍ പ്രധാനമന്ത്രിയോ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരോ അറിയുന്ന സമ്പ്രദായമില്ലെന്നും ലേഖനത്തില്‍ പറയുന്നു. യുഎഇ നയതന്ത്ര കാര്യാലയത്തിന്‍റെ പേര് മറയാക്കിയുള്ള കള്ളക്കടത്ത് കസ്റ്റംസ് പിടികൂടിയതിനെത്തുടര്‍ന്ന് രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കാനുള്ള തുരപ്പന്‍ പണി പ്രതിപക്ഷം തീവ്രമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. യുഎഇ നയതന്ത്ര കാര്യാലയത്തിലെ അറ്റാഷെയുടെ പേരിലെത്തിയ ബാഗില്‍ നിന്നാണ് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഈ കേസില്‍ രാജ്യസുരക്ഷ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ അതെല്ലാം വിട്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കാന്‍ എല്ലാ ഇടതുപക്ഷ വിരുദ്ധരും ചില അധികാരകേന്ദ്രങ്ങളും ആലയില്‍ തീക്കട്ട കാച്ചുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സുവര്‍ണാവസരമായി കണ്ട് കള്ളക്കഥകള്‍ ചമച്ച് യുഡിഎഫും ബിജെപിയും ഏകോദര സഹോദരങ്ങളെപ്പോലെ ഇറങ്ങിയിരിക്കുകയാണ്. ഈ നീക്കം സാമാന്യനീതിക്ക് നിരക്കുന്നതല്ലെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്തുകാരെ രക്ഷിക്കുന്നതിലല്ല ശിക്ഷിക്കുന്നതിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനും മുന്നണിക്കും താല്‍പര്യം. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ കസ്റ്റംസിന് എല്ലാ സഹായവും കേരള പൊലീസ് നല്‍കും. കടത്തിയ സ്വര്‍ണം റിലീസ് ചെയ്യാന്‍ ബിജെപിയുടെ ട്രേഡ് യൂണിയന്‍ നേതാക്കളടക്കം കസ്റ്റംസില്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഇതിനകം വെളിപ്പെട്ടിട്ടുണ്ട്. ഇതിന് മറുപടി നല്‍കേണ്ടത് ബിജെപിയാണ്. സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിനെ യുഡിഎഫ് ഭരണകാലത്തെ സരിത കേസുമായി ബന്ധിപ്പിക്കാന്‍ ബോധപൂര്‍വമായ രാഷ്ട്രീയ ശ്രമം നടക്കുന്നുണ്ടെന്നും കോടിയേരി ലേഖനത്തില്‍ ആരോപിക്കുന്നു.