തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് നാളെ (ജൂണ്‍ 19) പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വൈകിട്ട് മൂന്ന് മണിക്ക് നടത്തുന്ന വാർത്താസമ്മേളനത്തിൽ മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കും. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റാണ് നാളെ പ്രസിദ്ധീകരിക്കുന്നത്.
കഴിഞ്ഞ മേയ് 17 നാണ് 2023-24 അധ്യയന വർഷത്തെ സംസ്ഥാന എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടന്നത്. മേയ് 31നാണ് മൂല്യനിർണയത്തിന് ശേഷം പ്രവേശനപരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിച്ചത്. 1,23,624 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നത് (15,706). ഏറ്റവും കുറവ് വയനാട് ജില്ലയിലും (2101) ആയിരുന്നു. കേരളത്തിലെ 14 ജില്ലകളിലും പരീക്ഷ സെന്‍ററുകൾ ഉണ്ട്. ഡൽഹി, മുംബൈ, ദുബായ് എന്നീ സ്ഥലങ്ങളിലും കേരളത്തിന് പുറമേ സെന്‍ററുകൾ അനുവദിച്ചിട്ടുണ്ടായിരുന്നു.
ഒഎംആർ രീതിയിലുള്ള പരീക്ഷയിൽ ഓരോ പേപ്പറിനും 480 മാർക്ക് വീതമാണ് ഉണ്ടാവുക. എഞ്ചിനീയറിങ്ങിനും ഫാർമസിക്കും വേറെ സ്കോർ പ്രസിദ്ധീകരിച്ചായിരിക്കും റിസൾട്ട് വരികയെന്ന് നേരത്തേ അറിയിച്ചിരുന്നു. ശേഷം അലോട്ട്മെന്‍റ് അടിസ്ഥാനത്തിലാണ് പ്രവേശനം. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും എസ് സി, എസ് ടി വിദ്യാർഥികൾക്കും കേരളത്തിൽ താമസിക്കുന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ട്.
പ്ലസ്‌ടു മാര്‍ക്ക് അപ്‌ലോഡ് ചെയ്‌ത് വെയിറ്റേജ് കണക്കാക്കിയ ശേഷമാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. അതിനുശേഷമായിരിക്കും സീറ്റ് അലോട്ട്‌മെന്‍റ് നടക്കുക. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനത്തിനാണ് കീം പരീക്ഷ നടത്തുന്നത്.
Also Read: Bank robbery attempt: റമ്മി കളിച്ചതുൾപ്പെടെ 73 ലക്ഷം രൂപയുടെ കടം; അത്താണി ബാങ്ക് കവര്‍ച്ചാശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി
അതേസമയം രാജ്യത്തെ ഐഐടികള്‍, ഐഐഎസ്‌സി, ഐഐഎസ്‌ഇആര്‍ എന്നിങ്ങനെയുളള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്‌ഡിന്‍റെ ഫലം ഇന്ന് പുറത്തുവന്നു. ഹൈദരാബാദ് സോണില്‍ നിന്നുളള വാവിവാല ചിദ്വിലാസ് റെഡ്ഡിക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. പെണ്‍കുട്ടികളില്‍ ഇതേ സോണില്‍ നിന്നുളള നയകാന്തി നാഗഭവ്യശ്രീയാണ് ഒന്നാമത് എത്തിയത്. വാവിലാല ചിദ്വിലാസ് റെഡ്ഡിക്ക് 360ല്‍ 341 മാര്‍ക്ക് ലഭിച്ചപ്പോള്‍ 360ല്‍ 298 മാര്‍ക്കാണ് നാഗഭവ്യശ്രീ നേടിയത്.
പ്രവേശനപരീക്ഷയുടെ ഫലം ഇന്ന് രാവിലെയാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. jeeadv.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് രാവിലെ 10 മണി മുതല്‍ ഫലം ലഭ്യമായത്. ജെഇഇ അഡ്വാന്‍സ്‌ഡില്‍ രണ്ട് പേപ്പറുകളിലായി ആകെ 1,80,372 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. ഇവരില്‍ 43,773 പേരാണ് യോഗ്യത നേടിയത്. 36,204 ആണ്‍കുട്ടികളും 7,509പെണ്‍കുട്ടികളും വിജയിച്ചു. ഐഐടി ഗുവാഹത്തിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.