തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഇഎംസിസി വിവാദ ധാരണാപത്രം റദ്ദാക്കും. ധാരണാപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്‍കി. ധാരണാപത്രം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പോ അനുമതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇഎംസിസി പ്രതിനിധികളും തമ്മിലുള്ള ഗൂഢാലോചനയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ ആരോപണങ്ങൾക്ക് പിന്നിലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. വ്യവസായ സംരംഭകരെ ആകർഷിക്കാൻ കൊച്ചിയിൽ നടത്തിയ അസെൻഡ് 2020ലാണ് അമേരിക്ക ആസ്ഥാനമായ ഇഎംസിസി പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്.