തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ ഒപ്പിടാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ്. ഇത്തരത്തിലുള്ള നിയമ വിരുദ്ധമായ കരാർ കേന്ദ്ര സർക്കാർ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കരാർ സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. മത്സ്യത്തൊഴിലാളികളെ സംസ്ഥാന സർക്കാർ വഞ്ചിക്കുകയാണ്. വിദേശ കമ്പനികൾക്ക് കടൽ വിൽക്കാൻ ശ്രമിക്കുകയാണെന്നും ഗിരിരാജ് സിങ് കുറ്റപ്പെടുത്തി.
കരാറില്ലെന്ന കേരള സർക്കാരിന്‍റെ വാദം വിശ്വസിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാർ അവരുടെ ജീവിതമാർഗത്തെ വിൽക്കുകയാണെന്ന ഭയത്തിലാണ് തൊഴിലാളികൾ. മോദി സർക്കാർ ഇത് ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സർക്കാർ കമ്മിഷൻ സർക്കാറാണെന്നും ലൗ ജിഹാദ് അടക്കം കേരളത്തിൽ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം വികസനം ആഗ്രഹിക്കുന്നുണ്ടെന്നും ഇത് ബിജെപിയുടെ സാധ്യമാകുമെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേർത്തു.