തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിലെ വനങ്ങളില്‍ 64 കാട്ടാനകള്‍ അസ്വാഭാവിക സാഹചര്യത്തില്‍ ചെരിഞ്ഞതായി കേരള വനം വകുപ്പിന്‍റെ ഔദ്യോഗിക കണക്ക്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ഇത് വളരെ കുറഞ്ഞ സംഖ്യയാണെന്ന് വിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നു. ആന വേട്ട, വൈദ്യുതാഘാതം, വാഹനാപകടം, സ്‌ഫോടക വസ്‌തു എന്നിവ മൂലം ആനകള്‍ ചെരിയുന്നതാണ് അസ്വാഭാവിക മരണമായി വനം വകുപ്പ് കണക്കാക്കുന്നത്. 2010-11 മുതല്‍ 2019-20 വരെയുള്ള കണക്കാണിത്. 2017ല്‍ നടത്തിയ സെന്‍സസ് പ്രകാരം കേരളത്തിലെ വനങ്ങളില്‍ 5706 കാട്ടാനകളാണുള്ളത്. 2015-16ലാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം കാട്ടാനകള്‍ ആനകള്‍ കൊല്ലപ്പെട്ടത്. 14 ആനകള്‍ ഈ കാലയളവില്‍ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനുകീഴില്‍ വേട്ടയാടപ്പെട്ടു. ഇതൊഴിച്ചാല്‍ ഏറ്റവും കൂടുതല്‍ ആനകള്‍ മനുഷ്യന്‍റെ ക്രൂരത മൂലം കൊല്ലപ്പെടുന്നത് 2018-19ലാണ് 10 ആനകള്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 772 ആനകള്‍ സ്വാഭാവിക രീതിയില്‍ ചെരിഞ്ഞതായും വനം വകുപ്പ് വ്യക്തമാക്കുന്നു.
പാലക്കാട് തിരുവിഴാംകുന്ന് വന മേഖലയില്‍ സ്‌ഫോടക വസ്‌തു നിറച്ച ഭക്ഷണം കഴിച്ച് കാട്ടാന ചെരിഞ്ഞ സംഭവം മനപൂര്‍വ്വമല്ലെന്ന് വ്യക്തമാക്കി കേരള വനം വകുപ്പ് രംഗത്തു വന്നു. കൃഷി നശിപ്പിക്കുന്ന പന്നികളെ തുരത്താന്‍ കര്‍ഷകര്‍ വച്ച കെണിയില്‍ കാട്ടാന അബദ്ധത്തില്‍ പെടുകയായിരുന്നെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. അതേ സമയം ആന പടക്കം കഴിച്ച് ചെരിഞ്ഞ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വനാതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതായി കേരള വനം വകുപ്പിലെ വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രകുമാര്‍ ഇടിവി ഭാരതിനോടു പറഞ്ഞു. വനാതിര്‍ത്തികളിലെ ജനങ്ങളുമായി സഹകരിച്ച് മുന്നോട്ടു പോകാന്‍ എല്ലാ വനം ഉദ്യോഗസ്ഥര്‍ക്കും നിർദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.