തിരുവനന്തപുരം: പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയില്‍ ഗര്‍ഭിണിയായ പിടിയാന പടക്കം നിറച്ച ഭക്ഷണം കഴിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വനം വകുപ്പ്. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്‌തവ വിരുദ്ധമാണെന്ന് കേരള വനം വകുപ്പ് വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രകുമാര്‍ ഇടിവി ഭാരതിനോടു പറഞ്ഞു. കാട്ടാന തിരുവിഴാംകുന്ന് ഖേലയിലെ വെള്ളിയാറില്‍ ഇറങ്ങി നില്‍ക്കുന്ന വിവരം അറിയിച്ചിട്ടും വനം വകുപ്പ് നടപടിയെടുത്തില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മെയ് 23നാണ് ആനയെ വനമേഖലയ്ക്ക് പുറത്ത് കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകര്‍ ആനയെ വനത്തിലേക്ക് കയറ്റി വിട്ടു. 25ന് ആനയെ വീണ്ടും വെള്ളിയാര്‍ നദിയില്‍ കണ്ടെത്തി. അപ്പോഴാണ് ആനയ്ക്ക് എന്തോ കുഴപ്പമുള്ളതായി തിരിച്ചറിഞ്ഞത്.
വനം വകുപ്പിന്‍റെ ഡോക്‌ടര്‍മാരെ അവിടേക്കയച്ചു. അവര്‍ ദൂരെ നിന്ന് ആനയെ പരിശോധിച്ചു. പക്ഷേ ഡോക്‌ടര്‍മാര്‍ ആനയെ ചികിത്സിക്കാന്‍ തയ്യാറായില്ല. ആനയുടെ സ്ഥിതി മോശമാണെന്നും വെള്ളത്തില്‍ വച്ച് ചികിത്സിച്ചാല്‍ ചെരിയാന്‍ സാധ്യതയുണ്ടെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ആനയെ കരയ്ക്കു കയറ്റാനായി പാലക്കാട് നിന്നും രണ്ട് കുങ്കിയാനകളെ എത്തിച്ചു. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ കരയ്ക്കുകയറ്റി ചികിത്സിച്ചു ഭേദമാക്കാനായിരുന്നു തീരുമാനം. പക്ഷേ കുങ്കി ആനകളെത്തുമ്പോഴേക്കും തികച്ചും അവശനിലയിലായ ആന വെള്ളത്തില്‍ വച്ചു തന്നെ ചെരിഞ്ഞു. 27നാണ് ആന ചെരിഞ്ഞത്. ആനയെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇത് ഒരു നാട്ടാനയോ മനുഷ്യനോ അല്ലെന്ന് എല്ലാവരും ഓര്‍ക്കണം. ചില നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതുണ്ട്. അതു പ്രകാരം മാത്രമേ വനം വകുപ്പിന് പ്രവര്‍ത്തിക്കാനാകൂവെന്നും പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്റർ ഓഫ് ഫോറസ്റ്റ് പറഞ്ഞു.
വനാതിര്‍ത്തികളില്‍ മനുഷ്യനും വന്യ മൃഗങ്ങളും തമ്മില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ വനം വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കിടങ്ങുകള്‍, വൈദ്യുതി വേലികള്‍, കരിങ്കല്‍ മതിലുകള്‍ തുടങ്ങിയ നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്നത്. പക്ഷേ വനാതിര്‍ത്തികള്‍ അതി ദീര്‍ഘമാണ്. വന്യമൃഗങ്ങള്‍ വരുത്തുന്ന നാശ നഷ്‌ടങ്ങള്‍ക്ക് വലിയ തുക നഷ്‌ടപരിഹാരം വനം വകുപ്പ് നല്‍കുന്നുണ്ട്. വനാതിര്‍ത്തിയിലെ ജനങ്ങള്‍ കുറച്ചു കൂടി സഹിഷ്ണുത കാണിക്കണമെന്നും സുരേന്ദ്രകുമാര്‍ അഭ്യര്‍ഥിച്ചു.