തിരുവനന്തപുരം: പാറശാല കുറുക്കുട്ടി ചെക്ക് പോസ്‌റ്റില്‍ വൈദ്യുതി ഇല്ലാത്തിനെ തുടര്‍ന്ന് അന്തര്‍സംസ്ഥാന ടൂറിസ്‌റ്റുകളുടെ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ കുടുങ്ങി. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര അനുമതി വാങ്ങാനെത്തിയ നിരവധി ടൂറിസ്റ്റ് ബസുകളും പെര്‍മിറ്റിന് വേണ്ടി മണിക്കൂറുകളോളം ആണ് പ്രദേശത്ത് കുടുങ്ങിയത്. യാത്രക്കാരില്‍ ഭൂരിഭാഗവും സ്‌ത്രീകളും കുട്ടികളുമാണ്.
ചെക്ക് പോസ്‌റ്റ് ഓഫീസില്‍ വൈദ്യുതി ഇല്ലാത്തതും ബദല്‍ മാര്‍ഗമായ ഇന്‍വെര്‍ട്ടറിന്‍റെ അപര്യാപ്‌തതയുമാണ് പ്രതിസന്ധിക്ക് കാരണം ആയത്. രാവിലെ മുതല്‍ അറ്റകൂറ്റ പണികള്‍ക്കായി പ്രദേശത്തെ വൈദ്യുതി വിഛേദിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പേപ്പറില്‍ എഴുതിയ അനുമതി നല്‍കി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ആര്‍ടിഒ അധികൃതര്‍ ശ്രമിച്ചിരുന്നെങ്കിലും തിരക്ക് വര്‍ധിച്ചത് തിരിച്ചടിയാകുകയായിരുന്നു.