തിരുവനന്തപുരം: സംസ്ഥാനത്തെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംവരണ വാർഡുകൾ നിർണയിക്കാൻ പുനർവിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു. പാലാ, കോതമംഗലം, മലപ്പുറം മുനിസിപ്പാലിറ്റികൾ, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ അയിരൂർ, മൈലപ്ര ഗ്രാമപഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ കാലടി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകൾ, പറവൂർ ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പുനർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഈ മാസം 11ന് നറുക്കെടുപ്പ് നടത്തും. മുനിസിപ്പാലിറ്റികളിൽ അതത് നഗരകാര്യ ജോയിൻ ഡയറക്ടർമാരെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പുനർവിജ്ഞാപനം.