തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. തീരുമാനം വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഏപ്രില്‍ മാസത്തെ വിതരണം തെരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞത്. വെള്ള, നീല കാര്‍ഡുകാർക്ക് വിതരണം ചെയ്യാനിരുന്ന 15 കിലോ അരിയുടെ വിതരണവും കമ്മിഷന്‍ തടഞ്ഞു. ഇതോടെ കിറ്റ് വിതരണവും അരി വിതരണവും ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് അറിയിച്ചു.
വിഷുവും ഈസ്റ്ററും പ്രമാണിച്ച് ഏപ്രില്‍ മാസത്തെ ഭക്ഷ്യ കിറ്റ് നേരത്തെ വിതരണം ചെയ്യുന്നുവെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം. റേഷന്‍കടകളിലൂടെയുള്ള കിറ്റ് വിതരണത്തിന് 20 ദിവസം വേണ്ടി വരുന്നത് കൊണ്ടു കൂടിയാണ് വിഷുവിന് മുമ്പ് കിറ്റ് എത്തിക്കാന്‍ നേരത്തെ വിതരണം ചെയ്‌തതെന്നും വിശദീകരണമുണ്ടായിരുന്നു. അതേസമയം കിറ്റ് വിതരണം തടഞ്ഞ കമ്മിഷൻ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് അറിയിച്ചു.