തൃശൂർ: പുതിയ കേരളം എന്ന മുദ്രാവാക്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള യാത്ര ഫെബ്രുവരി 20ന് കാസർകോട് നിന്ന് ആരംഭിക്കും. അതേസമയം വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
രണ്ട് മാസം നീണ്ടു നിൽക്കുന്ന വിപുലമായ പ്രചാരണ പരിപാടികൾക്കാണ് സംസ്ഥാന സമിതി യോഗത്തിൽ ബിജെപി രൂപം നൽകിയിരിക്കുന്നത്. കേരളാ മോഡൽ പരാജയമാണെന്ന് കൊവിഡ് പ്രതിരോധത്തിൽ വ്യക്തമായതായി എം.ടി രമേശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മേൽ കൈ ഉപയോഗിച്ച് ഇതുവരെയുള്ള അഴിമതികൾ മറച്ച് വെക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ട്രേറ്റുകളിലേക്കും സെക്രട്ടേറിയേറ്റിലേക്കും പതിനായിരങ്ങൾ പങ്കെടുക്കുന്ന മാർച്ചിനാണ് ബിജെപി ഒരുങ്ങുന്നത്. കെഎം മാണി ബാർ കോഴ കേസിൽ ആരോപണ വിധേയനായിരുന്നെങ്കിൽ, ഇപ്പോഴത്തെ ധനമന്ത്രി കിഫ്ബി കേസിൽ ആരോപണ വിധേയനായിരിക്കുകയാണെന്നും എംടി രമേശ് പറഞ്ഞു.
പരസ്‌പരം വാദപ്രതിവാദം ഉന്നയിക്കുമ്പോഴും തമ്മിൽ ഒന്നിക്കാനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് എന്നും വലിയ ഭൂരിപക്ഷം ലഭിക്കുന്ന നേമത്ത് രാഹുൽ ഗാന്ധിയെ കൊണ്ട് വന്നാലും നേരിടും. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മനസിലുള്ളതാണ് അഭിപ്രായ പ്രകടനത്തിലൂടെ പുറത്ത് വന്നതെന്നും എംടി രമേശ് പറഞ്ഞു. ജെപി നദ്ദ കേരളത്തിൽ എത്തുന്നതോടെ ബിജെപിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. ഫെബ്രുവരി 20ന് കാസർകോട് നിന്നും ആരംഭിക്കുന്ന കെ സുരേന്ദ്രന്‍റെ വിജയ യാത്ര മാർച്ച് ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.