പഴയ ചിറയിൻകീഴ് മണ്ഡലമാണ് 2008 ൽ ആറ്റിങ്ങൽ മണ്ഡലമായി മാറിയത്. 1957 മുതൽ 2004 വരെ നടന്ന 13 തിരഞ്ഞെടുപ്പുകളിൽ 8 തവണയും മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത് എൽ.ഡി.എഫ് ആണ്. 2008 ലെ പുനക്രമീകരണത്തിനു ശേഷം നടന്ന 2 തെരഞ്ഞെടുപ്പുകളിലും മണ്ഡലം ഇടതിന് ഒപ്പം നിന്നു. നിലവിൽ, തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ആറ്റിങ്ങൽ ലോകസഭാ നിയോജകമണ്ഡലം. 7 നിയമസഭാ മണ്ഡലങ്ങളിൽ അരുവിക്കര മാത്രമാണ് ഇപ്പോൾ യു.ഡി.എഫിന് ഒപ്പമുള്ളത്.
പുനഃക്രമികരണത്തിന് ശേഷം 2009, ലും 2014 ലും മണ്ഡലത്തിൽ ഇടത് തരംഗം നിലനിർത്തിയത്, സിപിഎം സ്ഥാനാർത്ഥി എ സമ്പത്തായിരുന്നു. 2009 ൽ 18,341 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജി. ബാലചന്ദ്രനെ പരാജയപ്പെടുത്തിയ സമ്പത്ത്, 2014ൽ കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷണയെ 69378 വോട്ടുകൾക്ക് പരാജയപെടുത്തി ഭൂരിപക്ഷം വർധിപ്പിച്ചു. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാർഥി ഗിരിജ കുമാരിയ്ക്ക് 90528 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
മൂന്നാം തവണയും സമ്പത്തിനു തന്നെയാണ് ഇടത് കോട്ട ഇളക്കം തട്ടാതെ സൂക്ഷിക്കാനുള്ള ചുമതല എൽ.ഡി.എഫ് നൽകിയിരിക്കുന്നത്.
മണ്ഡലത്തിൽ സമ്പത്തിനുള്ള വ്യക്തി ബന്ധവും, എംപി എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുമാണ് സമ്പത്തിന്‍റെ അനുകൂല ഘടകങ്ങൾ.
ചിറയിന്‍കീഴ്, വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ ആധുനികവല്‍ക്കരണം, ആറ്റിങ്ങല്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം എന്നിവയെല്ലാം വികസന നേട്ടങ്ങളായി ഇടത് മുന്നണി മണ്ഡലത്തിൽ ഉയർത്തി പിടിക്കും.
വർഷങ്ങളായി കൈപിടിയിലൊതുങ്ങാത്ത മണ്ഡലം ഏത് വിധേനെയും തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ് മണ്ഡലത്തിലെത്തുന്നത്. ഏറെ അനിശ്ചിതങ്ങൾക്ക് ശേഷമാണ് സിറ്റിംഗ് എംഎല്‍എയായ അടൂർ പ്രകാശിനെ കോൺഗ്രസ് മത്സര രംഗത്ത് പരീക്ഷിക്കുന്നത്.ആറ്റിങ്ങൽ ബൈപാസ് നിർമാണം വൈകുന്നത് ഉള്‍പ്പെടെയുള്ള വികസന പ്രശ്നങ്ങൾ ചൂണ്ടി കാട്ടിയാവും, കോൺഗ്രസ് പ്രചരണ രംഗത്ത് ഇറങ്ങുന്നത്.
പാലക്കാട് സീറ്റ് ലഭിക്കാത്തതിനാൽ ഇടഞ്ഞു നിന്ന ശോഭ സുരേന്ദ്രൻ, അനുനയ ചർച്ചകൾ ഫലം കണ്ടതോടെയാണ് ആറ്റിങ്ങലിൽ ബിജെപി പ്രതിനിധി ആയി എത്തിയത്. മണ്ഡലത്തിലെ കഴിഞ്ഞകാല കണക്കുകൾ ഒന്നും ബിജെപിയ്ക്ക് അത്ര ശുഭകരമല്ലെങ്കിലും, ശോഭ സുരേന്ദ്രനിലൂടെ ഒരു അട്ടിമറിയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.
മുൻ വർഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുഡിഎഫും ബിജെപിയും ശക്തരായ സ്ഥാനാർഥികളെ മത്സരരംഗത്ത് ഇറക്കിയതോടെ ആറ്റിങ്ങലില്‍ പോരാട്ടം കനക്കും എന്നുറപ്പാണ്.
ഹിന്ദു വോട്ടർമാർ കൂടുതലുള്ള ആറ്റിങ്ങൽ മണ്ഡലത്തിൽ ഈഴവ സമുദായതിനാണ് മേൽകൈ. ഇലക്ഷൻ കമീഷന്‍റെ ജനുവരി 30 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 1319825 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത് , ഇതിൽ614686 പുരുഷവോട്ടർമാരും, 705109 സ്ത്രീ വോട്ടർമാരും 10 ട്രാൻസ്‌ജൻഡേഴ്‌സും ഉൾപ്പെടുന്നു.