തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ ശനിയാഴ്‌ച (ഒക്‌ടോബർ 22) കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ ഹാജരാകും. മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡിഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എല്‍ദോസ് കേസന്വേഷിക്കുന്ന തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകുന്നത്. ശനിയാഴ്‌ച രാവിലെ ഒമ്പത് മണിക്ക് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുള്ളത്.
ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി ജാമ്യം നേടിയ ശേഷം എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തും. പാസ്‌പോര്‍ട്ട് ഹാജരാക്കണം, അഞ്ച് ലക്ഷം രൂപയ്ക്ക് തുല്യമായ രണ്ട് പേരുടെ ആള്‍ ജാമ്യം എന്നീ വ്യവസ്ഥകളിലാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട എംഎല്‍എ പരാതിക്കാരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് പരസ്യ പ്രതികരണത്തിനില്ലെന്ന് പ്രതികരിച്ചു. എല്ലാ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുമെന്നും കോടതിയില്‍ പൂര്‍ണ വിശ്വസമുണ്ടെന്നും എൽദോസ് കുന്നപ്പിള്ളിൽ പ്രതികരിച്ചു.
വെള്ളിയാഴ്‌ച മൂന്ന് മണിക്കാണ് തിരുവനന്തപുരം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി പ്രസൂന്‍ മോഹന്‍ എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. പരാതിക്ക് തൊട്ടുമുന്‍പ് വരെ പരാതിക്കാരിയും പ്രതിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു.
എല്‍ദോസ് വിവാഹിതനാണെന്നും കുടുംബം ഉണ്ടെന്നും അറിയാമായിരുന്നിട്ടും അദ്ദേഹത്തോടൊപ്പം കുടുംബമായി ജീവിക്കാമെന്ന പരാതിക്കാരിയുടെ പ്രതീക്ഷ അനാവശ്യമായിരുന്നു. ആദ്യഘട്ടത്തിലൊന്നും പീഡിപ്പിച്ചതായോ കൊലപ്പെടുത്താന്‍ ശ്രമിച്ചതായോ പരാതി ഉന്നയിച്ചിട്ടില്ല. ഒക്ടോബര്‍ 14ന് മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ മാത്രമാണ് പീഡനത്തെക്കുറിച്ചും കൊലപാതകശ്രമത്തെ കുറിച്ചും പറയുന്നത് തുടങ്ങിയ നിരീക്ഷണങ്ങളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്‍ദോസ് കുന്നപ്പിള്ളിലിനു വേണ്ടി കുറ്റിയാണി സുധീര്‍, അലക്‌സ് എന്നീ അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്.