തിരുവനന്തപുരം: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ചോദ്യം ചെയ്യലിന് ഹാജരായി. മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡിഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എല്‍ദോസ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായത്. രാവിലെ ഒമ്പത് മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് കോടതി നിർദേശം.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണർ അനിൽ കുമാറിന് മുന്നിലാണ് എംഎൽഎ ഹാജരായത്. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായ എംഎല്‍എയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും. ഇതിനു ശേഷമാകും വിശദമായ മൊഴി രേഖപ്പെടുത്തുക.
വിശദമായ തെളിവെടുപ്പും വരും ദിവസങ്ങളിലുണ്ടാകും. യുവതിയെ മർദിച്ചെന്ന് പരാതായിൽ ആരോപിക്കുന്ന കോവളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്താനാണ് സാധ്യത. എല്ലാ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുമെന്നും കോടതിയില്‍ പൂര്‍ണ വിശ്വസമുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പാസ്പോര്‍ട്ട് ഹാജരാക്കണം, അഞ്ച് ലക്ഷം രൂപയ്ക്ക് തുല്യമായ രണ്ട് പേരുടെ ആള്‍ ജാമ്യം എന്നീ വ്യവസ്ഥകളിലാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചതിനു ശേഷമാണ് 10 ദിവസമായി ഒളിവിലായിരുന്ന എംഎൽഎ പെരുമ്പാവൂരിൽ എത്തിയത്. അതോടൊപ്പം എൽദോസിനെതിരായ കോൺഗ്രസ് നടപടിയും ഇന്നുണ്ടാകും.
അതേസമയം കേസുകളെ നിയമപരമായി നേരിടുമെന്ന് എൽദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകൻ സുധീർ വ്യക്തമാക്കി. നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പാലിക്കുമെന്നും ജാമ്യ വ്യവസ്ഥ പാലിക്കുമെന്നും എല്‍ദോസിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. പുതുതായി 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം നടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.