തിരുവനന്തപുരം : എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ കോവളം എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്‌ച. കേസ് അട്ടിമറിക്കാന്‍ കോവളം സിഐ പ്രൈജുവിന്‍റെ ഭാഗത്തുനിന്നും ശ്രമമുണ്ടായെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നും ഗുരുതര വീഴ്‌ചയുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.
സെപ്റ്റംബർ 9ന് കമ്മിഷണര്‍ ഓഫിസില്‍ നിന്ന് കൈമാറിയ പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ ഗൗരവകരമായ കാലതാമസമാണ് ഉദ്യോഗസ്ഥന്‍ വരുത്തിയത്. പരാതിക്കാരി നാല് തവണ സ്‌റ്റേഷനിലെത്തിയിട്ടും മൊഴി രേഖപ്പെടുത്താന്‍ പോലും ഉദ്യോഗസ്ഥന്‍ തയാറായില്ല. മാത്രമല്ല എംഎല്‍എയ്‌ക്കൊപ്പം ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ജില്ല ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസിപി ദിനിലാണ് വകുപ്പുതല അന്വേഷണം നടത്തിയത്. കൂടാതെ ഇരയായ തന്‍റെ പേരും സ്ഥലവും പ്രൈജു പരസ്യമാക്കിയെന്ന പരാതിയും യുവതി ഉന്നയിച്ചിട്ടുണ്ട്. ആരോപണങ്ങളെ തുടര്‍ന്ന് പ്രൈജുവിനെ ഇന്നലെ(12-10-2022) ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് യുവതിയുടെ വിശദമായ മൊഴിയെടുക്കുകയും എംഎല്‍എക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി നെയ്യാറ്റിന്‍കര കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു.