തിരുവനന്തപുരം: പരിസ്ഥിതി ആഘാത ഭേദഗതി(ഇ.ഐ.എ) ബില്ലിനെതിരെ കേരളം നാളെ കേന്ദ്രത്തെ നിലപാട് അറിയിക്കും. അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കാനിരിക്കെ സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ തീരുമാനം. നിയമ ഭേദഗതിയിൽ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതി മൂന്ന് മാസം മുമ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതിനെ സംബന്ധിച്ച് വിദഗ്ദ്ധരുമായി ആലോചിക്കുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തില്ല.
സി പി എം കേന്ദ്ര സംസ്ഥാന നേതൃത്വം ബില്ലിനെ എതിർത്ത് രംഗത്ത് എത്തിയിരുന്നു. എന്നിട്ടും സർക്കാർ കേന്ദ്രത്തെ എതിർപ്പ് അറിയിക്കാതെ ഇരുന്നത് വിവാദമായി. ജില്ല തല പരിസ്ഥിതി ആഘാത നിർണയ സമിതികൾ പുനഃസ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും കരടിലെ ചില നിർദേശങ്ങളിൽ ആശങ്കയും കേരളം കേന്ദ്രത്തെ അറിയിക്കും.
അതേ സമയം പരിസ്ഥിതി ആഘാത ദേദഗതി ബില്ലിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. ബില്ലിൽ എതിർപ്പ് അറിയിക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി ക്യാമ്പയ്ൻ നടക്കുകയാണ്. വൻകിട വികസന പദ്ധതികൾ, ഖനനം, തുറമുഖ നിർമാണം, തുടങ്ങിയവയ്ക്ക് പരിസ്ഥിതി ആഘാത പഠനം വേണ്ടെന്ന് വയ്ക്കുകയോ നാമമത്രമായി ചുരുക്കുകയോ ചെയ്യുന്നതാണ് പുതിയ ഭേദഗതി. വൻകിട കോർപറേറ്റുകളെ സഹായിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ നീക്കമെന്ന വിമർശനമാണ് ഉയരുന്നത്.