തിരുവനന്തപുരം : പ്രകൃതി സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയവ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കുന്ന കാര്യം വലിയ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ശാസ്ത്രീയമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ദുരന്തത്തിന്‍റെ ആഴവും വ്യാപ്‌തിയും കുറയ്ക്കുമെന്ന് ഇപ്പോള്‍ നമുക്കറിയാമെന്നും സമീപ കാലത്തെ ചില അനുഭവങ്ങളില്‍ നിന്ന് നമുക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ - അന്താരാഷ്ട്ര പുസ്‌തകോത്സവവുമായി ബന്ധപ്പെട്ട് 'കാലാവസ്ഥ വ്യതിയാനവും, ദുരന്ത നിവാരണവും' എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജനങ്ങളെ ഉള്‍ച്ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നുണ്ട്. എല്ലാ സ്‌കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകള്‍ നിലവില്‍ വരേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തോടും പെട്ടെന്നുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളോടും എങ്ങനെ പ്രതികരിക്കണം എന്ന് തിരിച്ചറിയാന്‍ നമ്മുടെ യുവ തലമുറയെ പ്രാപ്‌തരാക്കേണ്ടതുണ്ടെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
പുതിയ പുസ്‌തകങ്ങള്‍ ഉടന്‍ : ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഓരോ കുട്ടിയും ഓരോ കുടുംബത്തിനും വഴികാട്ടി ആകാന്‍ ഉതകുംവിധമുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‍റെ ഭാഗമായി പുതിയ പാഠപുസ്‌തകങ്ങളുടെ രചന ഏപ്രിലില്‍ ആരംഭിക്കും. ഒക്ടോബര്‍ 31നകം ഒന്നാംഘട്ട പുസ്‌തക രചന പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിഷ്‌കരിച്ച പുസ്‌തകങ്ങള്‍ എന്ന് എത്തും : ആദ്യഘട്ടത്തില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്‌തകങ്ങളില്‍ മാറ്റം കൊണ്ടുവരാനാണ് ധാരണ. ഈ വരുന്ന അധ്യയനവര്‍ഷത്തില്‍ ആദ്യഘട്ടത്തില്‍ പരിഷ്‌കരിച്ച പുസ്‌തകങ്ങള്‍ ഉപയോഗിച്ചായിരിക്കും അധ്യയനം. രണ്ടാംഘട്ടത്തില്‍ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്‌തകങ്ങളും പരിഷ്‌കരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വരുന്ന 17ന് ചേരുന്ന സംസ്ഥാന കരിക്കുലം സ്‌റ്റിയറിങ്, കോര്‍ കമ്മിറ്റികളുടെ സംയുക്തയോഗത്തില്‍ ഹയര്‍ സെക്കന്‍ഡറി പുസ്‌തകങ്ങളുടെ പരിഷ്‌കരണം സംബന്ധിച്ചും തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.