തിരുവനന്തപുരം : മലപ്പുറത്തും കണ്ണൂരിലും വിദ്യാർഥികള്‍ തമ്മില്‍ സംഘർഷങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങള്‍ തടയാൻ കർശനമായ നടപടികൾ സ്‌കൂൾ അധികൃതർ കൈക്കൊള്ളണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ പരിസരത്ത് ലഹരി പദാർഥങ്ങളുടെ ഉപയോഗം നടക്കുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തണം. ഏതെങ്കിലും കുട്ടി ലഹരി പദാർഥങ്ങൾക്ക് അടിമപ്പെട്ടെന്ന് കണ്ടെത്തുകയാണെങ്കിൽ അടിയന്തര ശാസ്ത്രീയ ഇടപെടലുകൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്തും കണ്ണൂരിലും സ്‌കൂൾ പരിസരത്ത് ഉണ്ടായ സംഘർഷങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. സ്‌കൂൾ നിൽക്കുന്ന സ്റ്റേഷൻ പരിധിയിലെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി അധികൃതർ നടപടി കൈക്കൊള്ളണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പ്രീ പ്രൈമറി തലം മുതൽ തന്നെ ട്രാഫിക് ബോധവത്കരണം പാഠ്യപദ്ധതിയിൽ ഉൾച്ചേര്‍ക്കുന്ന കാര്യം പരിഗണനയിലാണ്. ഓരോരുത്തർക്കും ഗതാഗത സാക്ഷരത ഉണ്ടാവേണ്ടതുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകുന്നത് ഏറെ നന്നാവും.
ഇക്കാര്യം കരിക്കുലം സമിതി ഏറെ ഗൗരവത്തോടെ കാണും. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്ന സാഹചര്യം എല്ലാവരിലും ഉണ്ടാവണം. അതിനുള്ള ബോധവത്കരണം വളരെ ചെറുപ്പത്തിൽ തന്നെ നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേരള പൊലീസിന് വിദ്യാഭ്യാസ വകുപ്പിനെ ഏറെ സഹായിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.