തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്‌ധനും ദലിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമുഖ സാമ്പത്തിക ശാസ്ത്ര പണ്ഡിതനും ദലിത് ചിന്തകനും അധ്യാപകനുമായിരുന്നു അദ്ദേഹം.
27 വർഷം കേരള സർവ്വകലാശാലയിൽ സാമ്പത്തിക ശാസ്‌ത്ര അധ്യാപകനായിരുന്നു. കെ.ആർ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനാണ് ഡോ.എം കുഞ്ഞാമൻ. മഹാരാഷ്ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രൊഫസറായിരുന്നു എം കുഞ്ഞാമന്‍.
കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് അദ്ദേഹം നിരസിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് അവാർഡ് നിരസിച്ചത്. 'എതിര്' എന്ന ആത്മകഥയ്ക്ക് ആയിരുന്നു അവാർഡ്. ദളിത് ജീവിതത്തെ ആസ്‌പദമാക്കി തയ്യാറാക്കിയതായിരുന്നു എതിര് എന്ന ആത്മകഥ.
പാലക്കാട് പട്ടാമ്പിയിലെ വാടാനാംകുറുശ്ശിയില്‍ അയപ്പന്‍റെയും ചെറോണയുടെയും മകനായാണ് കുഞ്ഞാമന്‍റെ ജനനം. പാണ സമുദായത്തില്‍ പിറന്ന കുഞ്ഞാമന് ചെറുപ്പം മുതല്‍ ഏല്‍ക്കേണ്ടി വന്നത് ജാതി വിവേചനവും വര്‍ഗീയതയുമെല്ലാമായിരുന്നു. പട്ടിണിയും ദുരിതങ്ങളും നിറഞ്ഞതായിരുന്നു ബാല്യകാല ജീവിതം.
കയ്‌പേറിയ ജീവിതാനുഭവങ്ങള്‍ മറികടക്കണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. യാഥാര്‍ഥ്യങ്ങളെല്ലാം തിരിച്ചറിഞ്ഞ് പഠനത്തിലൂടെ അതെല്ലാം മറികടക്കാന്‍ കുഞ്ഞാമനായി. പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ജീവിതത്തിലുണ്ടായ പ്രധാന വഴിത്തിരിവ് തന്നെയായിരുന്നു അത്.