തിരുവനന്തപുരം : കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന വൈദേകം റിസോര്‍ട്ടിലെ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍റെ കുടുംബം. റിസോര്‍ട്ടിലെ ഓഹരികൾ വില്‍ക്കാന്‍ തയ്യാറാണെന്ന് ഡറക്‌ടര്‍ ബോര്‍ഡിനെ കുടുംബം അറിയിച്ചുകഴിഞ്ഞു. ഇ പി ജയരാജന്‍റെ ഭാര്യയായ പി കെ ഇന്ദിരയാണ് നിലവില്‍ വൈദേകം ഗ്രൂപ്പിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡിന്‍റെ ചെയര്‍പേഴ്‌സണ്‍.
മകന്‍ ജയ്‌സണും ഡയറക്‌ടര്‍ ബോര്‍ഡ് മെമ്പറാണ്. ഇരുവര്‍ക്കും കൂടി ഒരു കോടി രൂപയ്‌ക്കടുത്തുള്ള നിക്ഷേപമാണ് വൈദേകത്തിലുള്ളത്. പി കെ ഇന്ദിരയ്‌ക്ക് 81,99,000 രൂപയുടെ ഓഹരിയാണുള്ളത്. മകന്‍ ജയ്‌സണ് 10 ലക്ഷത്തിന്‍റെ നിക്ഷേപവുമുണ്ട്. ഇരുവര്‍ക്കുമായുള്ള ഓഹരി മൂല്യം 12.33 ശതമാനമാണ്.
വിൽപ്പനയ്‌ക്ക് പുറകിൽ ഇ ഡി പരിശോധന: ഇ.പിയുടെ അടുത്ത ബന്ധുവിന് 35 ലക്ഷത്തിന്‍റെ നിക്ഷേപവുമാണ് റിസോര്‍ട്ടിലുള്ളത്. വൈദേകം റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് റിസോർട്ടുമായുള്ള ബന്ധം ഓഹരി വിൽപ്പനയിലൂടെ ഒഴിയാന്‍ ഇപിയുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.
റിസോട്ടിലെ പങ്കാളിത്തം മൂലമുള്ള വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഇ പി ഇത്തരമൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. വിഷയത്തില്‍ സിപിഎം നിര്‍ദ്ദേശത്തിന് ഇ പി വഴങ്ങിയെന്നാണ് സൂചന. സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ടിലെ ഇ പിയുടെ കുടുംബത്തിന്‍റെ പങ്കാളിത്തത്തില്‍ സിപിഎമ്മിനുള്ളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിവാദങ്ങള്‍ കത്തി നില്‍ക്കുകയാണ്.
വിവാദമായത് ഇങ്ങനെ : കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി ജയരാജനാണ് സംസ്ഥാന സമിതിയോഗത്തില്‍ ഈ വിഷയത്തില്‍ ആരോപണങ്ങൾ ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദനമാണ് ഇ പി നടത്തിയിരിക്കുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ഇ പി ഈ ആരോപണങ്ങള്‍ തള്ളിയിരുന്നു. തനിക്ക് ഒരു നിക്ഷേപവുമില്ലെന്നും ഭാര്യയ്‌ക്കും മകനുമാണ് ഉള്ളതെന്നുമായിരുന്നു ഇ പിയുടെ വിശദീകരണം.
ജാഥയിൽ നിന്ന് വിട്ടുനിന്ന് ഇ പി : ഈ വിഷയത്തിന്‍റെ പേരില്‍ ഇ പി പാര്‍ട്ടിയുമായി തന്നെ അകല്‍ച്ചയിലുമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ കണ്ണൂര്‍ പര്യടന വേളയില്‍ ഇ പിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് തൃശൂരില്‍ ജാഥയെത്തിയപ്പോള്‍ മാത്രമാണ് ഇ പി ജയരാജന്‍ പങ്കെടുത്തത്.
ഇതിനുപിന്നാലെയാണ് ഓഹരി ഒഴിവാക്കി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. വലിയ വിവാദങ്ങളെ ഈ നീക്കത്തിലൂടെ ചെറുക്കാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. റിസോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സിയുടെ പരിശോധന കൂടി നടന്നതോടെ ഉണ്ടാകാന്‍ സാധ്യതയുള്ള വലിയ വിവാദങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇ പിയും കുടുംബവും എത്തിയത്.
നിലപാടുകൾ മാറ്റിമറിച്ച് പരിശോധന: വൈദേകം റിസോര്‍ട്ടുമായുള്ള വിഷയങ്ങളില്‍ ഒരു പരാതിയുമില്ലെന്നുള്ള നിലപാടാണ് സിപിഎം നേതൃത്വം ഇതുവരേയും സ്വീകരിച്ചിരിക്കുന്നത്. വിവാദങ്ങളെല്ലാം മാധ്യമ സൃഷ്‌ടിയാണെന്നുമായിരുന്നു ഇ പിയുടേയും നിലപാട്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിനുപിന്നില്‍ ആരാണെന്ന് അറിയാമെന്നും അത് വെളിപ്പെടുത്തുമെന്നുമടക്കം ഇ പി ഒരു ഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇഡി റെയ്‌ഡ് നടന്നതോടെയാണ് ഇ പി പാര്‍ട്ടി നിര്‍ദേശ പ്രകാരം കുടുംബത്തിന്‍റെ ഓഹരി വില്‍ക്കാമെന്ന തീരുമാനത്തിലെത്തിയതെന്നാണ് വിവരം.