തിരുവനന്തപുരം: പൊലീസിലെ ഗുണ്ട ബന്ധത്തില്‍ രണ്ട് ഡിവൈഎസ്‌പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയാണ് രണ്ട് ഡിവൈഎസ്‌പിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിട്ടത്. പാറശാല ഷാരോണ്‍ വധക്കേസ് അടക്കം അന്വേഷിച്ച ക്രൈബ്രാഞ്ച് തിരുവനന്തപുരം ജില്ല റൂറല്‍ ഡിവൈഎസ്‌പി കെ.ജെ ജോണ്‍സണ്‍, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്‌പി എം.പ്രസാദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
ഗുണ്ട- റിയല്‍ എസ്റ്റേറ്റ് ബന്ധം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, സാമ്പത്തിക പരാതികള്‍ ഒതുക്കി തീര്‍ക്കാന്‍ മധ്യസ്ഥത വഹിക്കല്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരെയുള്ള റിപ്പോര്‍ട്ടിലുള്ളത്. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുടെ ലഹരി പാര്‍ട്ടികളിലടക്കം ഇരുവരുടേയും സാന്നിധ്യം നിരന്തരമുള്ളതായും ഇന്‍റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ എസ്എച്ച്ഓമാരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിപി നടപടി സ്വീകരിച്ചിരുന്നു. 160 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഗുണ്ടാ ബന്ധത്തെ തുടര്‍ന്ന് നടപടിയെടുത്തത്. ഇതുകൂടാതെ മംഗലപുരം സ്‌റ്റേഷനിലെ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്യുകയും മുഴുവന്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു.
പുറത്തുവരുന്നത് ഗുരുതരമായ കണ്ടെത്തലുകള്‍: സസ്‌പെന്‍ഡ് ചെയ്‌ത രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രമുഖ ഗുണ്ടാ നേതാക്കളുമായുള്ള ബന്ധം സംബന്ധിച്ച് നിരവധി തെളിവുകളാണ് പുറത്തുവരുന്നത്. എട്ടാം തീയതി തിരുവനന്തപുരം പാറ്റൂരില്‍ കുപ്രസിദ്ധ ഗുണ്ടാതലവനായ ഓം പ്രകാശിന്‍റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ വരെ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് പരസ്‌പരം ഏറ്റുമുട്ടിയ ഓം പ്രകാശിന്‍റെയും നിഥിന്‍റെയും സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥത ചര്‍ച്ചയടക്കം നടത്തിയെന്നാണ് കണ്ടെത്തല്‍.
നേരത്തെ സസ്‌പെന്‍ഡ് ചെയ്‌ത റെയില്‍വേ പൊലീസ് എസ്‌ഐയായ അബിലാഷ് ഡേവിഡും ഇത്തരം സംഘങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ വീടുകളില്‍ ഡിവൈഎസ്‌പിമാര്‍ നിരന്തരം സന്ദര്‍ശനം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുകൂടാതെ ഡിവൈഎസ്‌പി ജോണ്‍സന്‍റെ മകളുടെ ജന്‍മദിന ആഘോഷം നടത്തിയത് ഈ ഗുണ്ടകളാണെന്നും സൂചനയുണ്ട്.
അന്വേഷണം ക്രൈംബ്രാഞ്ചിന്: ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഗുണ്ടാ ബന്ധം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തെ ഗുണ്ടാ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. പാറ്റൂരിലെ ഗുണ്ടാ ആക്രമണം, മേട്ടു കടയില്‍ ഗുണ്ടാ നേതാവിന്‍റെ വീട് കയറി ആക്രമണം നടത്തിയ കേസുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഗുണ്ടാ ബന്ധമുളള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധനക്ക് ഡിജിപി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഓരോ സ്റ്റേഷനിലെയും പൊലീസുകാരുടെയും എസ്‌പിമാരുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം.